Home Top StoriesLIVE BLOG: ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധം മൂന്നാം ദിവസത്തിലേക്ക്: ആക്രമണം അതിരൂക്ഷം

LIVE BLOG: ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധം മൂന്നാം ദിവസത്തിലേക്ക്: ആക്രമണം അതിരൂക്ഷം

by news_desk
0 comments

ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍‌ ഇസ്രയേല്‍‌ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, ഇറാനെതിരായ ആക്രമണത്തിനിടെ മൂന്ന് സെെനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Live Updates

The content will auto-update after 60 seconds
17:10:35
'അമേരിക്കയുമായി ഒരു ചർച്ചയുമില്ല, യുദ്ധം അവസാനിക്കുന്നില്ല'; സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ

ടെഹ്റാന്‍: ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകളും, ചർച്ചകൾക്ക് തയ്യാറാണ് ഇറാൻ എന്ന ട്രംപിന്‍റെ അവകാശവാദങ്ങളും തള്ളി ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ. അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ച് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നില്ലെന്നും, അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇനിയില്ലെന്നും അലി ലാരിജാനി ട്വീറ്റ് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അലി ലാരിജാനിയുടെ പ്രസ്താവന. 

'ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു'- ലാരിജാനി എക്സിൽ കുറിച്ചു.

ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളുമാണ് വില നൽകേണ്ടി വരികയെന്നും ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു. അതേസമയം ഇറാനെ നയിക്കാൻ ശേഷിയുള്ള ആരും ഇറാനിൽ ഇല്ലെന്ന് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും ട്രംപ് പറഞ്ഞു.

12:10:45
നിഗൂഢ ബി-2 സ്‌പിരിറ്റ് മുതല്‍ ലൂക്കാസ് ഡ്രോണുകൾ വരെ; ഇറാനില്‍ അമേരിക്ക പ്രയോഗിച്ച ആയുധങ്ങളുടെ പട്ടിക പുറത്ത്

ബി-2 സ്‌പിരിറ്റ് (B-2 Spirit)

അമേരിക്കയിൽ നിന്ന് നേരിട്ട് പറന്ന ബി-2 ബോംബറുകൾ 2000 പൗണ്ട് (ഏകദേശം 907.1847 കിലോ) ഭാരമുള്ള ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഖരം ആക്രമിച്ച് തകര്‍ത്തു എന്നാണ് അവകാശവാദങ്ങള്‍. എയർ ട്രാഫിക് കൺട്രോൾ കമ്യൂണിക്കേഷൻ വിവരങ്ങൾ പ്രകാരം നാല് B-2 വിമാനങ്ങൾ ഈ ആദ്യ ദൗത്യത്തിൽ പങ്കെടുത്തതായി വിലയിരുത്തപ്പെടുന്നത്.

എഫ്-35 ലൈറ്റ്‌നിംഗ് II (F-35 Lightning II)

ഏകദേശം 30-ഓളം എഫ്-35 സ്റ്റെൽത്ത് വിമാനങ്ങളെ യുഎസ് പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഇറാന്‍റെ തെക്ക് ഭാഗത്തുള്ള കടലിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ ഒരു സ്ക്വാഡ്രൺ എഫ്-35സി പോര്‍വിമാനങ്ങളും ഈ ആക്രമണത്തിൽ ഭാഗമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എഫ്-22 റാപ്റ്റർ (F-22 Raptor)

ആദ്യമായാണ് ഇത്തരമൊരു യുദ്ധ നടപടിക്കായി എഫ്22 വിമാനങ്ങൾ ഇസ്രായേലിൽ വിന്യസിക്കപ്പെടുന്നത്. മറ്റ് യുദ്ധ വിമാനങ്ങൾക്ക് സുരക്ഷ നൽകുന്നതിനും ശത്രുവിമാനങ്ങളെ നേരിടുന്നതിനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.

എഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ (F-16 Fighting Falcon)

ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ളതും അമേരിക്ക കൃത്യമായ കൂടുതൽ വിശദാംശങ്ങൾ നൽകാത്തതുമായ ഡസൻ കണക്കിന് എഫ്-16 വിമാനങ്ങൾ പശ്ചിമേഷ്യയിലുണ്ട്.

എ10 തണ്ടർബോൾട്ട് II (A-10 Thunderbolt II)

കരസേനയെ സഹായിക്കുന്നതിനും ശത്രുതാവളങ്ങൾ തകർക്കുന്നതിനും ഉപയോഗിക്കുന്ന വിമാനം. എ10 തണ്ടർബോൾട്ടിന്‍റെ കുറഞ്ഞത് ഒരു സ്ക്വാഡ്രൺ എങ്കിലും പശ്ചിമേഷ്യന്‍ മേഖലയിലുണ്ട്.

ഇഎ-18 ഗ്രൗളർ (EA-18 Growler)

ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ജാം ചെയ്യാനും തകർക്കാനും രൂപകൽപ്പന ചെയ്ത വിമാനങ്ങളാണിവ. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് അബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് ഇവ പ്രവർത്തിക്കുന്നു.

ലൂക്കാസ് ഡ്രോണുകൾ (LUCAS Drones)

വൺ‌വേ അറ്റാക്ക് ഡ്രോണുകളാണ് ലൂക്കാസ്. ഇവ ആദ്യമായാണ് അമേരിക്ക ഇറാനിൽ പ്രയോഗിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെലവ് കുറഞ്ഞ അൺമാൻഡ് കോമ്പാറ്റ് അറ്റാക്ക് സംവിധാനം ആണ് ലൂക്കാസ് ഡ്രോണുകൾ.

എം-142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് (M-142 High Mobility Artillery Rocket Systems)

ഒരേസമയം ഒന്നിലധികം മിസൈലുകൾ വിക്ഷേപിക്കുന്ന സംവിധാനമാണ് ഇത്. 1996-ൽ ലോക്ഹീജ് മാർട്ടിൻ മിസൈൽസ് ആണ് എം-142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് നിർമ്മിക്കുന്നത്. ആറോളം മിസൈലുകൾ ഇതിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കും.

മറ്റ് സംവിധാനങ്ങള്‍

ഇതിന് പുറമേ ലൂക്കാസ് ഡ്രോണുകൾ, പാട്രിയറ്റ് ഇന്‍റർസെപ്റ്റർ മിസൈൽ സംവിധാനം, താഡ് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ്, എയർബോൺ കമ്യൂണിക്കേഷൻ റിലേ, പി8 മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, ആർസി-135, എംക്യു 9 റീപ്പേഴ്സ്, എം-142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനം, ന്യൂക്ലിയാർ പവേർഡ് എയർക്രാഫ്റ്റ് കാരിയേഴ്‌സ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, റീഫ്യൂവലിംഗ് ടാങ്കർ വിമാനം, റീ ഫ്യൂവലിംഗ് കപ്പലുകൾ, സി-17 ഗ്ലോബ്‌മാസ്റ്റർ കാർഗോ വിമാനം, സി-130 കാർഗോ വിമാനം എന്നിവയും ഉപയോഗിച്ചതായാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്. ഇതിന് പുറമേ തങ്ങളുടെ മാത്രം ചില പ്രത്യേക സംവിധാനങ്ങളും ആക്രമണത്തിന് ഉപയോഗിച്ചതായി സെൻട്രൽ കമാൻഡ് കൂട്ടിച്ചേർക്കുന്നത്.

12:08:28
ഭരണാധികാരിയെ നഷ്ടപ്പെട്ട രാജ്യത്തിന്റെ തിരിച്ചടി; അമേരിക്കൻ F-15 വിമാനം തകർന്ന് വീണു

കുവൈറ്റിൽ അമേരിക്കൻ പോർവിമാനം എഫ് - 15 വിമാനം തകർന്ന് വീണു; ഇറാൻ ഡ്രോണുകൾ തകർത്തതെന്ന് സൂചന, പിന്നോട്ടില്ലെന്ന നിലപാടിൽ ഇറാൻ

10:35:13
ട്രംപിന്‍റെ നിലപാട്

ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഡെയ്‌ലി മെയിലിന് നൽകിയ ഹ്രസ്വമായ ടെലിഫോൺ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

10:34:44
ചർച്ച നടക്കുമോ, ഇറാന്‍റെ നിലപാട് വ്യക്തമാക്കി ഖമേനിയുടെ വലംകൈ; 'ട്രംപ് ഇപ്പോൾ ഭയക്കുന്നു, യുഎസുമായി ഒരു ചർച്ചകൾക്കുമില്ല'

ടെഹ്റാൻ: അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അലി ലാറിജാനി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി എക്സിലൂടെയാണ് രാജ്യത്തിന്‍റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി. 'അമേരിക്ക ഫസ്റ്റ്' എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോൾ 'ഇസ്രായേൽ ഫസ്റ്റ്' എന്നാക്കി മാറ്റിയിരിക്കുകയാണ്. 

ഇസ്രായേലിന്‍റെ അധികാര മോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാരിജാനി ആഞ്ഞടിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി, ഇറാൻ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും എന്നാൽ അധിനിവേശത്തെ ശക്തമായി നേരിടുമെന്നും വ്യക്തമാക്കി. അമേരിക്കൻ സൈനികരുടെ ജീവഹാനിയിൽ ഇപ്പോൾ ഭയക്കുന്ന ട്രംപ് തന്നെയാണ് മേഖലയിൽ അശാന്തി വിതയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്‍റെ സൂചനയാണ് ലാറിജാനിയുടെ ഈ കടുത്ത പരാമർശങ്ങൾ നൽകുന്നത്.

You may also like