അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ എതിരെ തുടങ്ങിയ യുദ്ധം ലോകത്തിൻ്റെ മുഴുവൻ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേൽ ആഞ്ഞടിക്കുകയാണ്. സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത കൂടി പുറത്തുവരികയാണ്. മസ്കത്തിൽ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ മരണപ്പെടുന്നത്. യുദ്ധം ഒന്നിന്റെയും പരിഹാരമല്ല നേതാക്കൾ നിന്ന് നടിക്കുന്ന അല്ലെങ്കിൽ അവരുടെ അനുയായികൾ ആകുന്ന ഒരു പക്ഷത്തിന്റെ മാത്രം താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന തെറ്റാണ് സമീപകാലങ്ങളിലായി ലോകത്തെമ്പാടും നടക്കുന്ന ചെറുതും വലുതുമായ എല്ലാ സംഘർഷങ്ങളും. ആത്യന്തികമായി നഷ്ടം അവനവന് തന്നെയാണ്. ഇതിന് മാറ്റം സംഭവിച്ചില്ലെങ്കിൽ മാനവ സമൂഹത്തിന്റെ സർവ്വനാശം ആയിരിക്കും സംഭവിക്കാൻ പോകുന്നത്.
ലോകാവസാനം മനുഷ്യനിലൂടെ തന്നെ സാധ്യമാകുന്ന അങ്ങേയറ്റം ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അധികാരത്തിനും സമ്പത്തിനും വേണ്ടി ആദിമകാലം മുതൽ തുടങ്ങിയ കായികമായ പോരാട്ടങ്ങൾ ഈ നവയുഗ കാലത്തും മാറ്റമില്ലാതെ തുടരുന്നു എന്നുള്ളത് തന്നെ ആശങ്ക വർദ്ധിപ്പിക്കുന്നു. യുദ്ധം തുടങ്ങി 24 മണിക്കൂർ പിന്നിടുന്നതിന് മുൻപേ തന്നെ ഇറാനിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഭരണസിരാകേന്ദ്രങ്ങൾ അതിലുപരി ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമേനിയഅടക്കമുള്ള നേതാക്കളും കൊല്ലപ്പെടുകയുണ്ടായി. എത്ര വലിയ പ്രശ്നമാണെങ്കിലും ആ രാജ്യത്തെ കുഞ്ഞുങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കരുത് എന്നുള്ള യുദ്ധ തത്വത്തെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് ഇറാനിലെ സ്കൂളിന് നേരെയായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്തമായ ആദ്യ ആക്രമണം. അവിടെനിന്ന് തുടങ്ങിയ മനുഷ്യക്കുരുതിക്ക് ഇന്നും അറുതി വന്നിട്ടില്ല. യുദ്ധം സമാനതകളില്ലാത്ത വിപത്തായി ആയിരിക്കുകയാണ്.
പ്രവാസ സമൂഹത്തെയാണ് പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായ തോതിൽ ബാധിച്ചിരിക്കുന്നത്. തൽഫലമായി ഇന്ത്യയിലെ കേരളത്തിലും വരും നാളുകളിൽ സാമ്പത്തികമായും അല്ലാതെയും ഉള്ള പ്രതിസന്ധികളും നാശനഷ്ടങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്ത് തരം ന്യായീകരണത്തിന്റെ അളവുകോലിൽ നിർത്തി നോക്കിയാലും ഒരുതരത്തിലും അംഗീകരിക്കാൻ ആവാത്ത കുറ്റമാണ് ഇസ്രായേലും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെകളിൽ ഇത്തരം സംഘങ്ങൾ ഉണ്ടാകുമ്പോൾ സമാധാനത്തിന്റെ പ്രതിനിധിയായി രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഐക്യരാഷ്ട്ര സംഘടന എന്ന സംവിധാനം പൂർണമായും നിർജീവമായിരിക്കുന്നു എന്ന് ഈ സംഘർഷങ്ങൾ അടിവരയിടുന്നു. നിലനിൽപ്പിനു വേണ്ടി ആണവായുധ ഭീഷണി ഇല്ലാതാക്കാൻ നടത്തുന്ന പോരാട്ടം എന്നൊക്കെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും വാദങ്ങൾ വെറും പൊള്ളയാണെന്ന് വ്യക്തമാണ്.
ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും വഴികളിലേക്ക് നയിച്ച് ലോക മനസ്സാക്ഷിയെ മുഴുവൻ മുറിവേൽപ്പിച്ചുകൊണ്ട് സർവ്വത്തിന്റെയും നിയന്ത്രണാധികാരം കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികൾക്കും എതിരെ സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ടിയിരിക്കുന്നു. ഇത് തലമുറകളോടുള്ള വെല്ലുവിളിയാണ്. അവരുടേത് അടക്കമുള്ള ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുക്കുന്നതിന് തുല്യമാണ്. നന്മയ്ക്ക് വേണ്ടി ഒരിക്കലും ഇവിടെ യുദ്ധം നടക്കുകയില്ല തിന്മയുടെ ഉപാസനാമൂർത്തികൾക്ക് മാത്രമേ ഇതുപോലെയുള്ള ദുഷ് ചെയ്തികൾക്ക് നേതൃത്വം കൊടുക്കാനാവൂ. ഇനിയും മുന്നോട്ടുപോകും തോറും അവസാനിക്കാത്ത മഹാ ദുരന്തമായി സംഘർഷങ്ങൾ മാറാതിരിക്കാൻ അടിയന്തരമായി ശ്രമങ്ങൾ ഉണ്ടാകണം. മനുഷ്യ ജീവനുകളുടെ വില തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾക്ക് മറ്റു രാഷ്ട്രങ്ങളും മുൻകൈയെടുക്കണം.
