Home Editorialഅനുശോചനം അപഹസിക്കലല്ല

അനുശോചനം അപഹസിക്കലല്ല

by news_desk1
0 comments

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ട് മൂന്നുദിവസം കഴിഞ്ഞു. ലോകമാകെ യുദ്ധഭീതി പടർന്ന് കലുഷിതമായ അന്തരീക്ഷത്തിലാണ് ജനലക്ഷങ്ങൾ ജീവനും ജീവിതവും തള്ളിനീക്കുന്നത്. ഖമേനി കൊല്ലപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ഔദ്യോഗികമായി ഇറാൻ തന്നെ സ്ഥിരീകരിച്ച നിമിഷത്തിൽ ലോകജനത നേതാക്കൾ ഒന്നിന് പിറകെ ഒന്നായി അനുശോചനങ്ങളും പ്രതിഷേധവും രേഖപ്പെടുത്തി കൊണ്ടിരുന്നു. അപ്പോഴെല്ലാം കുറ്റകരമായ മൗനത്തിലായിരുന്ന ഇന്ത്യ ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം ഡൽഹിയിലെ ഇറാൻ എംബസിയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്താണ് വേർപാടിലുള്ള ദുഃഖം അറിയിച്ചത്. ഈയൊരു അനുശോചനം അനിവാര്യമായ സമയത്ത് നടത്താതെ മാറിനിന്ന് ഇപ്പോൾ പറയുന്നതിലെ അനൗചിത്യം വ്യക്തമല്ല. ഇന്ത്യയിൽ നിന്ന് ലോക മനസാക്ഷി പ്രതീക്ഷിക്കുന്ന രീതിയിലല്ല ആഗോള പ്രശ്നങ്ങളിലും പ്രതിസന്ധികളിലും നിലപാടുകൾ ഉണ്ടാകാറുള്ളത് എന്നുള്ളത് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഉക്രൈൻ യുദ്ധത്തിലും സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ ആയിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നത് ഈ അവസരത്തിൽ ചേർത്തുവയ്ക്കേണ്ടതാണ്. ചരിത്രപരമായി ഇന്ത്യയുടെ വിദേശകാര്യ നയവും അന്തർദേശീയ വിഷയങ്ങളിലെ ഇടപെടലുകളും സമീപനങ്ങളും പരിശോധിക്കുമ്പോൾ ഒരുതരത്തിലും യോജിക്കാൻ കഴിയാത്ത വിധം വേർപ്പെട്ട നിൽക്കുന്നതാണ് തൽസമയം ഇപ്പോൾ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം. അത്തരം പൊതുനയത്തിന് ഘടകവിരുദ്ധമായി ഇന്ത്യ പ്രവർത്തിക്കുന്നതിൽ അയൽ രാജ്യങ്ങൾക്കടക്കം അതൃപ്തിയുണ്ട്. ഇന്നലെകളിൽ ഇറാനോടൊപ്പം ചേർന്നുനിൽക്കുന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഉടൻതന്നെ അതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താതെ അപലപിക്കാതെ കേന്ദ്രസർക്കാർ മാറിനിന്നത് തെറ്റായ നടപടിയാണ്.

യുദ്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ ഇന്ത്യ തുടരുന്ന അലംഭാവം ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. അപ്രതീക്ഷിതമായി ഒരു രാത്രിയിൽ ഉണ്ടായ ടെലിഫോൺ സംഭാഷണത്തിൽ പിറവിയെടുത്ത ഇന്ത്യ യു.എസ് വ്യാപാര കരാറും അതിനുമുൻപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തിരിച്ചടി നിർത്തിവെപ്പിക്കുന്നതിൽ ഇടപെടൽ നടത്തിയെന്നുള്ള അവകാശവാദവും സ്വതന്ത്ര ഇന്ത്യയ്ക്ക് മേൽ ഏകാധിപത്യത്തിന്റെ ആൾരൂപമായി മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി നടത്തിയിട്ടും മറുവാക്ക് പറയാതെ ദുർബലമായ വാദങ്ങൾ നിരത്തി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ രീതികളെയും യുദ്ധ നിലപാട് വ്യക്തമാക്കുന്നതിലെ വീഴ്ചയുടെ പശ്ചാത്തലത്തിൽ കൂടി സംശയദൃഷ്ടിയോടെയെ നോക്കിക്കാണാനാകൂ. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നവരിൽ ഇന്ത്യക്കാരും ഉണ്ട്. എന്നിട്ടും യുദ്ധത്തോടുള്ള ഇന്ത്യയുടെ സമീപനം ഇത്രത്തോളം ലളിതമാകുന്നതിൽ ഉള്ള ആശങ്ക വളരെ വലുതാണ്. ഇറാന് എതിരെ നടത്തുന്ന ആക്രമണങ്ങൾക്കൊപ്പം തന്നെ ഗൾഫ് നാടുകളിലേക്ക് അതിക്രമങ്ങൾ വ്യാപിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പ്രവാസികൾക്ക് നേരെയുള്ള സംഘടിതമായ ആക്രമണം ഇന്ത്യക്ക് നേരെ തന്നെയാണെന്നുള്ള തിരിച്ചറിവിലേക്ക് വിശ്വ പൗരനായ നമ്മുടെ പ്രധാനമന്ത്രി എത്തിച്ചേരാത്തത് സ്വാഭാവികം എന്ന നിഗമനത്തിലേക്ക് എത്തേണ്ടിയിരിക്കുന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് ജനങ്ങളെക്കാൾ വലുതാണോ അമേരിക്കയുടെയും പ്രസിഡൻറ് ട്രംപിന്റെയും നിലപാടുകൾ. വിദേശ രാഷ്ട്രങ്ങൾ ഇന്ത്യയെ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. മോദിയുടെ പ്രഭാ വലയത്തിൽ ലോകം മുഴുവൻ വശീകരിക്കപ്പെട്ടിരിക്കുന്നു എന്നെല്ലാം അവകാശപ്പെടുന്നവർക്ക് യാഥാർഥ്യം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് വസ്തുത.

വിദൂഷകർ ഒഴിയുമ്പോൾ എങ്കിലും ആരെങ്കിലും കഴിഞ്ഞ നാളുകളിലെ ഇന്ത്യയുടെ വിദേശ നയത്തെ സംബന്ധിച്ച് പൊതുനിലപാടുകളെയും രാജ്യത്തിൻറെ കാവൽക്കാരനെ മനസിലാക്കിപ്പിക്കണം. ഇത് ഇന്ത്യയാണ് സ്വതന്ത്രമായ കാഴ്ചപ്പാടുകൾ ഉള്ള മൂന്നാം ലോക ശക്തികളോട് പോലും പൊരുതി നിൽക്കാനുള്ള കഴിവും കാര്യപ്രാപ്തിയും ഉള്ള രാജ്യമാണിത്. ഇന്ത്യക്ക് ഇന്ത്യയുടേതായ അഭിപ്രായമുണ്ട് സ്ഥിരതയുണ്ട്. ഇന്ന് ഇരിക്കുന്നവർക്ക് മുൻപ് അവിടെയിരുന്ന് അവർ അതെല്ലാം തെളിയിച്ചിട്ടുണ്ട്. സത്യത്തെ പാഴ് മുറം കൊണ്ട് എക്കാലവും മറക്കാനാവില്ല. ഗത്യന്തരമില്ലാതെ ഖമേനിയുടെ വിയോഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അനുശോചനം വെറും പ്രഹസനമായി.

You may also like