വാഷിംഗ്‌ടണ്‍. ലോകത്തിന് ആശ്വാസം, 2032-ല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനുമായി വൈആര്‍4 ഛിന്നഗ്രഹം (Asteroid YR4) കൂട്ടിയിടിക്കാനുള്ള എല്ലാ സാധ്യതകളും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തള്ളി. 2032 ഡിസംബര്‍ 22ന് ഭൂമിയുടെ വളരെയടുത്തുള്ള സഞ്ചാരപാതയില്‍ വരുമ്പോള്‍ വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാന്‍ 3.8 മുതല്‍ 4.3 ശതമാനം വരെ സാധ്യത നേരത്തെ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്‍റെ ഭീഷണി പൂര്‍ണമായും നിഷേധിക്കുകയാണ് ഇപ്പോള്‍ നാസ. ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസയുടെ പുതിയ നിഗമനം.
ഏറെ പുലിവാല്‍ പിടിപ്പിച്ച 2024 വൈആര്‍4 ഛിന്നഗ്രഹം
2024 ഡിസംബര്‍ 27-നാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. 53 മുതൽ 67 മീറ്റർ വരെ ചുറ്റളവ്, അതായത് ഒരു 15 നില കെട്ടിടത്തിന്‍റെ വലിപ്പമാണ് സിറ്റി-കില്ലര്‍ ആസ്‌ട്രോയ്‌ഡുകളുടെ ഗണത്തില്‍പ്പെടുന്ന 2024 വൈആര്‍4 ഛിന്നഗ്രഹത്തിന് കണക്കാക്കുന്നത്. ഈ ഛിന്നഗ്രഹം 2032 ഡിസംബറില്‍ ഭൂമിക്ക് വളരെ അടുത്തുകൂടെയുള്ള ഭ്രമണപഥത്തിലൂടെ കടന്നുപോകും. ആ യാത്രയില്‍ 2024 വൈആര്‍4 ഭൂമിയോ ചന്ദ്രനോ ആയി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടോ എന്ന ആശങ്ക സജീവമായിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത വിവിധ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ കൊണ്ടും ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പ് പോലുള്ള ശാസ്ത്രീയ ഉപകരണങ്ങളില്‍ നിന്നുള്ള ഡാറ്റകള്‍ കൊണ്ടും പഠിക്കുകയായിരുന്നു നാസയുടെ നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്‌ജക്റ്റ്സ് സ്റ്റഡീസ്.
പേടി വേണ്ട, ഭൂമിയും ചന്ദ്രനും സുരക്ഷിതം
നാസയുടെ ഈ പഠനകേന്ദ്രം 2032 ഡിസംബര്‍ 22-ന് 2024 വൈആര്‍4 ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഒരുവേള ഉയര്‍ത്തിയിരുന്നു നാസ. അതോടെ, സമീപകാലത്ത് ഭൂമിക്ക് ഏറ്റവും ഭീഷണിയായി തിരിച്ചറിഞ്ഞ ബഹിരാകാശ വസ്‌തുവായി മാറിയിരുന്നു 2024 വൈആര്‍4 ഛിന്നഗ്രഹം. എന്നാല്‍ ഈ ആഘാത ഭീതിയില്‍ നിന്ന് ഭൂമിയെ നാസ പിന്നീട് ഒഴിവാക്കി. എങ്കിലും, 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുമോ എന്ന ആശങ്ക പിന്നാലെ ബലപ്പെട്ടത് ആശങ്കയായി. 2024 വൈആര്‍4 ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത 4.3 ശതമാനം വരെയായി ബഹിരാകാശ ഗവേഷകര്‍ ഉയര്‍ത്തിയിരുന്നെങ്കിലും, ഈ ഛിന്നഗ്രഹത്തെ ഒരു ഭയവും വേണ്ട എന്നാണ് നാസയിലെ ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.

