ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം പ്രതികരിച്ചത്.
ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് തെലങ്കാന സർക്കാർ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
‘ഇന്ത്യയിലെ ഹൈദരാബാദിലുള്ള പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ — ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഞാൻ. നന്ദി,’ എന്നാണ് ട്രംപ് കുറിച്ചത്.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് റോഡിന്റെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുന്ന ചിത്രവും ട്രംപ് പങ്കുവെച്ചു.
പുതുതായി നാമകരണം ചെയ്ത ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ വെറും ഒരു റോഡ് മാത്രമല്ല. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ അമേരിക്കൻ സാങ്കേതിക കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഐടി ഹബ്ബിന് സമീപത്താണ് ഈ റോഡ്.
യുണൈറ്റഡ് സ്റ്റേറ്റ്സിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയതെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഹൈദരാബാദിന്റെ വളർന്നുവരുന്ന പങ്കിന്റെയും പ്രാധാന്യത്തിന്റെയും അംഗീകാരമാണ് ഈ തീരുമാനമെന്നും സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു.

