ഊട്ടി: പരീക്ഷയിൽ വിജയിപ്പിക്കാമെന്നും ഉയർന്ന മാർക്ക് വാങ്ങിത്തരാമെന്നും വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സർക്കാർ ഡോക്ടർ പിടിയിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് സർവകലാശാല അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നും അത് ഉപയോഗിച്ച് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർത്ഥിനിയെ സമീപിച്ചത്. തുടർന്ന് പെൺകുട്ടിയെ ഒരു സ്വകാര്യ ഹോട്ടലിലെത്തിക്കുകയും മദ്യം നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.
പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒറ്റയ്ക്കാണ് താമസമെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇയാൾ മുൻപും മറ്റ് വിദ്യാർത്ഥിനികളെ കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

