Home Top Storiesവീര്യം കുറഞ്ഞ മദ്യ നികുതിയിളവിൽ യൂടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

വീര്യം കുറഞ്ഞ മദ്യ നികുതിയിളവിൽ യൂടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂടേൺ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി.

തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നടപ്പാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് വിൽപ്പനയ്ക്ക് അനുമതി നൽകുകയാണെങ്കിൽ നികുതി ഘടന നിലവിൽ വരും. യുഡിഎഫ് എതിർക്കുകയാണെങ്കിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികൾ ആരംഭിച്ചത് എൽഡിഎഫ് ഭരണകാലത്താണെന്നും വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.

വീര്യം കുറഞ്ഞ മദ്യ നികുതിയിളവിനെതിരായ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ നിലപാടിൽ മാറ്റം വന്നത്. വിഷയത്തിൽ അന്തിമ തീരുമാനം യുഡിഎഫിന് വിട്ടതോടെ നികുതിയിളവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുതിയ വഴിത്തിരിവായി.

വിമർശനങ്ങൾക്ക് മറുപടി നൽകവെ, അപേക്ഷകൾ ആദ്യം പരിഗണിച്ചത് പിണറായി സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബക്കാർഡി കമ്പനിക്കായി വിദേശ മദ്യനയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം ആരോപിച്ചു.

നികുതി നിരക്കുകൾ നിശ്ചയിക്കുന്ന നടപടികൾ സാധാരണയായി വേഗത്തിൽ നടക്കാറുണ്ടെന്നും, വീര്യം കുറഞ്ഞ മദ്യം എന്ന ആശയം കൊണ്ടുവന്നത് മുൻ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങൾ വീര്യം കുറഞ്ഞ മദ്യം നിശ്ചയിച്ചു, ഞങ്ങൾ നികുതി നിരക്ക് നിശ്ചയിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്” എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മദ്യനയം രാഷ്ട്രീയപരമായ തീരുമാനമാണെന്നും, യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും ചർച്ച ചെയ്ത് മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈനംദിന ഭരണകാര്യങ്ങളിൽ കെപിസിസി ഓഫീസ് ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയും ഫയലുമായി കെപിസിസി ഓഫീസിലേക്ക് പോകാറില്ലെന്നും, മുഖ്യമന്ത്രി അറിയാതെ ഫയലുകൾ പാർട്ടി ഓഫീസിലേക്ക് മാറ്റുന്ന രീതികൾ ഈ സർക്കാരിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. നയപരമായ എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്നും അദ്ദേഹം ആവർത്തിച്ചു.

You may also like