പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്.
ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് മലയാലപ്പുഴ ഭാഗത്തുനിന്ന് അമിതവേഗത്തിൽ ഒരു കാർ വരുന്നത് പൊലീസ് ശ്രദ്ധിച്ചത്. വാഹനം പെട്ടെന്ന് നിർത്തിയതോടെ സംശയം തോന്നിയ പൊലീസ് സംഘം സമീപത്തെത്തി പരിശോധിച്ചപ്പോൾ സ്റ്റിയറിങ്ങിൽ തലകുനിച്ച് അവശനിലയിൽ കിടക്കുന്ന യുവാവിനെയാണ് കണ്ടെത്തിയത്.
പോലീസ് സംഘത്തിലെ എസ്.സി.പി.ഒ ജോബിൻ ജോൺ വാഹനത്തിന്റെ ഗ്ലാസിൽ തട്ടിവിളിച്ചപ്പോൾ, തനിക്ക് അസ്വസ്ഥതയുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഛർദ്ദിച്ച് അവശനിലയിലായിരുന്ന സോനുവിനെ ജോബിൻ ജോൺ, സജി ഇസ്മായിൽ, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്ന് ഡ്രൈവിങ് സീറ്റിൽ നിന്ന് മാറ്റി പിൻസീറ്റിൽ കിടത്തി.
തുടർന്ന് കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവറായ എ.എസ്.ഐ സജി ഇസ്മായിൽ യുവാവിന്റെ കാർ തന്നെ ഓടിച്ച് അതിവേഗം ആശുപത്രിയിലെത്തിച്ചു. പിന്നാലെ ജോബിൻ ജോണും സി.പി.ഒ മുഹമ്മദ് ഷഫീഖും പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തി. വെറും മൂന്ന് മിനിറ്റിനുള്ളിൽ കുമ്പഴയിൽ നിന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിക്കാനായി.
ആശുപത്രിയിലെ ചില ജീവനക്കാർക്ക് യുവാവിനെ പരിചയമുണ്ടായിരുന്നതിനാൽ അടിയന്തര ചികിത്സ ഉടൻ ലഭ്യമാക്കി. യുവാവിന്റെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
ജീവൻ അപകടാവസ്ഥയിലായ സമയത്ത് സമയോചിതമായി ഇടപെട്ട് ചികിത്സ ലഭ്യമാക്കിയ പൊലീസ് സംഘത്തോട് സോനുവിന്റെ കുടുംബം നന്ദി അറിയിച്ചു. മുമ്പും നിരവധി തവണ അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം മാതൃകയായിട്ടുണ്ട്.

