Home Nationalചെന്നൈ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിവികെ; പെരമ്പൂരിൽ നിന്ന് വിജയ് മത്സരിക്കാനിടയെന്ന് സൂചന

ചെന്നൈ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിവികെ; പെരമ്പൂരിൽ നിന്ന് വിജയ് മത്സരിക്കാനിടയെന്ന് സൂചന

by news_desk
0 comments

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് തമിഴക വെற்றികഴകം (ടിവികെ) നേതൃത്വം. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

വിജയ് തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം അത് നിഷേധിച്ചു. ഏകദേശം 2.22 ലക്ഷം വോട്ടർമാരുള്ള പെരമ്പൂർ ചെന്നൈ ജില്ലയിലെ നിർണായക മണ്ഡലങ്ങളിലൊന്നാണ്.

ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ടി നഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽ സ്ഥാനാർഥിയാകും. പാർട്ടിയിൽ ചേർന്ന മുൻ എഐഎഡിഎംകെ എംഎൽഎ ജെ.സി.ഡി പ്രഭാകർ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നും, ടിവികെ ട്രഷറർ പി. വെങ്കട്ടരാമൻ മൈലാപ്പൂരിൽ നിന്നും, മുൻ എംഎൽഎ വി.എസ്. ബാബു കൊളത്തൂരിൽ നിന്നും മത്സരിക്കും.

ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ എം. അരുള്‍ പ്രകാശം സൈദാപ്പേട്ടിലും എ. രാജ്‌മോഹൻ എഗ്മോറിലും ജനവിധി തേടും. എൻ. മേരി വിൽസൺ ആർ.കെ നഗർ മണ്ഡലത്തിൽ സ്ഥാനാർഥിയാകും.

ടിവികെ ഹൈലെവൽ കമ്മിറ്റി ചീഫ് കോർഡിനേറ്ററും ഒൻപത് തവണ എംഎൽഎയുമായ കെ.എ. സെങ്കോട്ടയ്യൻ സ്വന്തം മണ്ഡലമായ ഗോപിചെട്ടിപാളയത്തിൽ നിന്ന് മത്സരിക്കും. ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ ആർ. അരുണ്‍രാജ് തിരുച്ചെങ്കോട് മണ്ഡലത്തിൽ നിന്നും ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ കുമാർ തിരുപ്പരൻകുണ്ട്രം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തീരുമാനമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളും ഡിഎംകെയും സഖ്യകക്ഷികളും സ്വന്തമാക്കിയിരുന്നു. ഇത്തവണ നഗര മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് ടിവികെയുടെ നീക്കം.

You may also like