തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ തള്ളി മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ. മുഖ്യമന്ത്രിയുടെ നമ്പർ ‘സിഎം’ എന്ന പേരിൽ തന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെന്നും ആ നമ്പറിൽ നിന്ന് തനിക്ക് കോളുകൾ ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയപ്പോൾ കാണണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അറിയിക്കാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് മറുപടിയൊന്നും ലഭിച്ചില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഇതോടെ, സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.
ജി. സുധാകരനെ പാർട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും അദ്ദേഹം എടുക്കാൻ തയ്യാറായില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വെളിപ്പെടുത്തിയത്. വാ വാർത്തകൾ വന്നപ്പോൾ തന്നെ സുധാകരനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ ആദ്യം തിരക്കിലായിരുന്ന ഫോൺ പിന്നീട് സ്വിച്ച് ഓഫ് ചെയ്തതുപോലെ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മനഃപൂർവ്വം ഫോൺ എടുക്കാതിരുന്നതാണെന്ന് മനസ്സിലായതോടെ ജില്ലാ സെക്രട്ടറി നാസർ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പ്രായപരിധി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്ഥാനമാറ്റം അവഗണനയായി കാണുന്നത് ശരിയല്ലെന്നും പാർട്ടി ഓഫീസിൽ പ്രത്യേക മുറി ഉൾപ്പെടെ നൽകി സുധാകരനെ എന്നും ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കൾ തമ്മിലുള്ള ഈ പരസ്യമായ വാക്പോര് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ ചൂടുപിടിപ്പിക്കുകയാണ്.

