കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ സന്ദർശനം മാറ്റിവെച്ചത്. വൈകിട്ട് 4:30-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധിക്ക് പകരം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് സൂചന. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ ആശുപത്രിയിൽ സോണിയക്കൊപ്പമുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ യുഡിഎഫ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കമാണ് ഇന്നത്തെ മഹാറാലി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഖാർഗെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ പുറത്തിറക്കും. കൂടാതെ, സംസ്ഥാനതല പ്രചാരണത്തിനായി തയ്യാറാക്കിയ ബസിന്റെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും. രാഹുൽ ഗാന്ധിയുടെ അഭാവത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയിരിക്കുന്നത്.

