Home International‘അമേരിക്കയുമായി ചർച്ചയ്ക്കില്ല, എന്നാൽ സമാധാനത്തിന് തയ്യാർ’; ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ

‘അമേരിക്കയുമായി ചർച്ചയ്ക്കില്ല, എന്നാൽ സമാധാനത്തിന് തയ്യാർ’; ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ

by news_desk
0 comments

തെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്നും എന്നാൽ യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്നും ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടെയാണ് ഇറാന്റെ ഈ ഔദ്യോഗിക പ്രതികരണം. ഇറാനിൽ ഭരണമാറ്റവും പരാജയവുമാണ് അമേരിക്ക ലക്ഷ്യമിട്ടതെന്നും എന്നാൽ അതൊന്നും നേടാനാകാതെ യുഎസ് പരാജയപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാന്റെ പ്രതിരോധശേഷി തകർക്കാൻ ആർക്കും കഴിയില്ലെന്നും എന്നാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ചരക്കുനീക്കത്തിനായി ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, നയതന്ത്ര നീക്കങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽ ഇറാന്റെ ആക്രമണങ്ങൾ തുടരുകയാണ്. യുഎഇയിൽ പുലർച്ചെയുണ്ടായ വ്യോമാക്രമണത്തെ സുരക്ഷാസേന ശക്തമായി പ്രതിരോധിച്ചു. ബഹ്‌റൈനിലെ മുഹ്‌റഖ് മേഖലയിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മൂന്ന് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ സേനയും വ്യക്തമാക്കി. ഒരു വശത്ത് സമാധാന ചർച്ചകളെക്കുറിച്ചുള്ള സൂചനകൾ നൽകുമ്പോഴും അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കുന്നത് മേഖലയിൽ വലിയ ആശങ്ക പടർത്തുന്നുണ്ട്.

You may also like