തിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യ ധാരണകൾ പുറത്തുവരാതിരിക്കാനാണ് അവർ മുൻകൂട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകാതിരിക്കാനുള്ള ‘കനഗോലു സിദ്ധാന്ത’ത്തിന്റെ ഭാഗമായ കള്ളപ്രചാരണം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിലും എം.വി. ഗോവിന്ദൻ മറുപടി നൽകി. ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്ന ധ്വനിയാണ് വിമർശനങ്ങൾക്കുള്ളതെന്നും അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ ആരുടെമേലും അടിച്ചേൽപ്പിക്കാൻ താൻ ശ്രമിക്കാറില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിൻഗാമി സമ്പ്രദായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങളെ പാർട്ടിയോ താനോ ഇപ്പോൾ ഗൗരവമായി കാണുന്നില്ല. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായിക്കഴിഞ്ഞു എന്നും ഗോവിന്ദൻ പരിഹസിച്ചു.
യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുണ്ടായ അധിക്ഷേപ പരാമർശങ്ങൾ അതീവ ഗൗരവതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലരുടെയും മനസ്സിലെ സ്ത്രീവിരുദ്ധ വിഷമാണ് ആ വാക്കുകളിലൂടെ പുറത്തുവന്നത്. വിവാദമായപ്പോൾ ഗത്യന്തരമില്ലാതെയാണ് മുസ്ലിം ലീഗ് നടപടിയെടുത്തത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വലിയ പോര് നടക്കുകയാണെന്നും എന്നാൽ ഇത്തവണയും എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അതിനാൽ അവർക്ക് അധികം തർക്കിക്കേണ്ടി വരില്ലെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. വികസനം മുൻനിർത്തിയാകും എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

