Home Keralaബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; കടുത്ത വിമർശനവുമായി ഹൈക്കോടതി, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; കടുത്ത വിമർശനവുമായി ഹൈക്കോടതി, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

by news_desk
0 comments

കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ വർഗ്ഗീയ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇത്തരം പ്രസ്താവനകൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെ മറികടക്കുമെന്നും ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയതിനെതിരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ സ്ഥാനാർത്ഥിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഗുരുവായൂരിൽ 48 ശതമാനം ഹിന്ദു ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ അൻപത് വർഷമായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതു-വലതു മുന്നണികൾ ഹിന്ദുക്കളെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗം. “അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും അദ്ദേഹം വർഗ്ഗീയമായി ചോദ്യം ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗുരുവായൂർ മണ്ഡലം വരണാധികാരി ഷീബ എസ്. നൽകിയ പരാതിയിൽ ജനപ്രാതിനിധ്യ നിയമം (വകുപ്പ് 125), ബിഎൻഎസ് (വകുപ്പ് 192) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മതവികാരം മുൻനിർത്തി വോട്ട് തേടുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. വർഗ്ഗീയ ചുവയുള്ള പരാമർശങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like