തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥും ചികിത്സയിലാണ്.
അതേസമയം, മേയറുടെ നേതൃത്വത്തിൽ ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചുവെന്നും ആറ് കൗൺസിലർമാർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു. മേയറെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ചെയ്തതെന്നും കടകംപള്ളി വ്യക്തമാക്കി.
മേയർ കരുതിക്കൂട്ടി ഒരു സംഘം ആളുകളുമായി എത്തിയാണ് ആക്രമണം നടത്തിയതെന്ന് കടകംപള്ളി ആരോപിച്ചു. സത്യാഗ്രഹത്തോട് മാന്യത കാണിക്കാൻ മേയർ തയ്യാറായില്ലെന്നും സഹപ്രവർത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന കാര്യം അദ്ദേഹം മറന്നുവെന്നും കടകംപള്ളി പറഞ്ഞു.
ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങൾ നടത്താനാകില്ല. ആർഎസ്എസ് പ്രവർത്തകരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മേയർ, ഡെപ്യൂട്ടി മേയർ എന്നിവരടക്കം ഒമ്പത് പേർക്ക് ഗുരുതര പരിക്കേറ്റതായി കെ സുരേന്ദ്രൻ പറഞ്ഞു. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ആരോപിച്ച അദ്ദേഹം മേയറുടെ കാലിനും ആശാ നാഥിന്റെ തലയ്ക്കും പരിക്കേറ്റതായി വ്യക്തമാക്കി. ആശാ നാഥ് രണ്ട് തവണ ഛർദ്ദിച്ചുവെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തിയത്. മേയറെ ഓഫീസിൽ പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം.
സംഘർഷത്തെ തുടർന്ന് വനിതാ എൽഡിഎഫ് കൗൺസിലർമാർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിന് പിന്നാലെ ആർ സുഗതൻ ഒഴികെയുള്ള 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞ നടത്താതിരുന്നതിനെ ചൊല്ലിയും എൽഡിഎഫ് വിമർശനം ഉയർത്തിയിരുന്നു.
ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും അത് അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്.

