തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രധാനപ്പെട്ട ഫയലുകൾ ശേഖരിച്ച് മടങ്ങി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
നെയ്യ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരെ പ്രതി ചേർക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിജിലൻസ് പരിശോധനയെന്നാണ് വിവരം. ഭക്തർ നെയ്യഭിഷേകത്തിനായി സമർപ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വൻ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ അതിശക്തമായ അന്വേഷണം വേണമെന്നാണ് സർക്കാരിന്റെ നിലപാട്.
കേസിൽ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ കേവലം വിജിലൻസ് അന്വേഷണം മാത്രം പോരെന്നും കൂടുതൽ സമഗ്രമായ അന്വേഷണ ഏജൻസിയുടെ പരിശോധന ആവശ്യമാണെന്നും ദേവസ്വം വകുപ്പ് വിലയിരുത്തുന്നു.
