ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്നയോജന പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിനായി 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
നിലവിൽ അന്ത്യോദയ കാർഡ് (മഞ്ഞ കാർഡ്) ഉള്ള ഓരോ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ നിർദേശപ്രകാരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം ഭക്ഷ്യധാന്യം നൽകുന്ന രീതിയിലേക്ക് മാറും.
അതേസമയം, ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോഗ്രാം തന്നെയായി തുടരുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഭക്ഷ്യധാന്യ വിതരണം.
നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പ്രതിപക്ഷ എംപിമാർ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2017ലും സമാനമായ ഭേദഗതിക്കായി കേന്ദ്ര സർക്കാർ കരട് നിർദേശം പുറത്തിറക്കിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
2013ലെ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രത്തിന്റെ രണ്ടാമത്തെ ശ്രമമാണിത്.

