ദില്ലി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. എന്നാൽ ഇക്കാര്യം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ നടത്തിയെങ്കിലും ഫലം തങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
ചൊവ്വാഴ്ച ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ2379 വിമാനമാണ് കടുത്ത ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ 17 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റിരുന്നു. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിന്റെ മേൽത്തട്ടിലേക്ക് തെറിച്ചുവീണു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബാഗുകളും മറ്റ് സാധനസാമഗ്രികളും വിമാനത്തിനുള്ളിൽ ചിതറിത്തെറിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരുടെ നിലവിളിയും പ്രാർഥനകളും കൊണ്ട് വിമാനത്തിനുള്ളിൽ ഭീതിദമായ അന്തരീക്ഷമാണ് ഉണ്ടായത്. സീറ്റ് ബെൽറ്റ് സൈൻ ഓഫ് ആയിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ടെന്നും പുനർജന്മം ലഭിച്ചതുപോലെയാണ് തോന്നിയതെന്നും യാത്രക്കാർ പ്രതികരിച്ചു.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ പരിക്കേറ്റ ഏഴ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
