Home Kerala‘കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിന്റെ ഫ്രസ്ട്രേഷൻ’; സംഘർഷത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖരൻ

‘കോർപ്പറേഷനിൽ കണ്ടത് സിപിഎമ്മിന്റെ ഫ്രസ്ട്രേഷൻ’; സംഘർഷത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖരൻ

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുവരുമ്പോൾ നടത്തുന്ന സംഘർഷമാണിതെന്നും സിപിഎമ്മിന്റെ അവസാന തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. ഈ നീക്കത്തിൽ എൽഡിഎഫ് കൈകോർത്താൽ സാഹചര്യം നിർണായകമാകും. ഇനി കൗൺസിൽ യോഗം തിങ്കളാഴ്ചയാണ് നടക്കുക.

കോർപ്പറേഷനിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായുള്ള നാടകമാണ് ഇന്നലെ ഉണ്ടായ സംഭവങ്ങളെന്നും ബിജെപി ആരോപിച്ചു. കൗൺസിൽ യോഗം നീട്ടിവെച്ചതിനെതിരെ യുഡിഎഫും എൽഡിഎഫും വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം തിങ്കളാഴ്ചത്തേക്ക് തീരുമാനിച്ചത്.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ ആർ. സുഗതൻ നിലവിൽ കാപ്പ കേസിൽ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്.

ഇതിന്റെ ഭാഗമായി ഇന്നലെ കോർപ്പറേഷനിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സുഗതനെതിരെ കാപ്പ ചുമത്തുന്നതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. സുഗതന്റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പയിൽ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

You may also like