Home Top Stories‘സഹകരണ മന്ത്രിയുടെ വാദം കള്ളം; ദിനേശ് ബീഡി കരാറിൽ ദുരൂഹത’: 700 കോടിയുടെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല

‘സഹകരണ മന്ത്രിയുടെ വാദം കള്ളം; ദിനേശ് ബീഡി കരാറിൽ ദുരൂഹത’: 700 കോടിയുടെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല

by news_desk
0 comments

ആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്‌വെയർ നിർമ്മിക്കാനുള്ള കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാദങ്ങൾ കള്ളമാണെന്നും മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ വഴിവിട്ട് പ്രവർത്തിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനികളെ ബോധപൂർവ്വം ഒഴിവാക്കി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ദിനേശ് ബീഡി സംഘത്തിന് കരാർ നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 700 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എത്ര ശാഖകൾക്കാണ് സോഫ്റ്റ്‌വെയർ നൽകുന്നതെന്ന് പോലും വ്യക്തമാക്കാതെയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്. ഐടി മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സംഘം നൽകിയ അവ്യക്തമായ ക്വാട്ട് അംഗീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമാണുള്ളത്. സഹകരണ മേഖലയെ പൂർണ്ണമായും സി.പി.എം നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണിതെന്നും ഇതിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. 2021 മുതൽ ആരംഭിച്ച ഈ ധാരണ പ്രകാരം അറുപതിലധികം സീറ്റുകളിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചിട്ടുണ്ടെന്നും 2026-ലെ തിരഞ്ഞെടുപ്പിലും ഈ അന്തർധാര സജീവമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും രാഷ്ട്രീയ ഡീലുകളും ജനങ്ങൾക്കിടയിൽ ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like