ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രതിസന്ധികൾ മറികടക്കാൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ‘ടീം ഇന്ത്യ’ എന്ന നിലയിൽ ഏകോപിതമായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ സഹകരണം അഭ്യർഥിച്ചത്. രാജ്യത്ത് നിലവിൽ ഊർജ ക്ഷാമമില്ലെന്നും അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാനങ്ങളിലെ സാഹചര്യം നിരന്തരം വിലയിരുത്തുകയും കേന്ദ്രസർക്കാരുമായി ആശയവിനിമയം ശക്തമാക്കുകയും വേണമെന്ന് മോദി പറഞ്ഞു. രാസവള ലഭ്യതയിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഭാവിയിൽ പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ പദ്ധതി, പി.എൻ.ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ പോലെ ഏകോപിത ഇടപെടൽ ഉറപ്പാക്കണമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് നിർദേശിച്ചു.

