Home Top Stories‘ഇനി സംവാദം ആയാലോ?’; വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രി

‘ഇനി സംവാദം ആയാലോ?’; വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന നേട്ടങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടി നൽകിയത്. ‘എൽഡിഎഫ് റിപ്പോർട്ട് കാർഡ്’ എന്ന പേരിൽ വികസന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘എന്നാൽ ഇനി സംവാദത്തിന് തയ്യാറായാലോ?’ എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായി സർക്കാർ നൽകിയ വാഗ്ദാനങ്ങളും അവ നടപ്പിലാക്കിയ രീതിയും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത വികസനം, റെക്കോർഡ് പട്ടയവിതരണം, ലോഡ്ഷെഡിംഗ് ഇല്ലാത്ത കേരളം, മുടങ്ങാത്ത ക്ഷേമപെൻഷൻ തുടങ്ങിയ നേട്ടങ്ങൾ പോസ്റ്റിൽ എടുത്തുപറയുന്നു. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരളം കൈവരിച്ച കുതിപ്പിനെക്കുറിച്ച് ഏത് വേദിക്കുമുന്നിലും സംവദിക്കാൻ തയ്യാറാണെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിലൂടെയുള്ള ക്ഷണം മാത്രം പോരെന്നും സംവാദത്തിനുള്ള സമയവും തീയതിയും സ്ഥലവും മുഖ്യമന്ത്രി നിശ്ചയിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രതികരിച്ചത്. മുഖ്യമന്ത്രി തയ്യാറായാൽ നിശ്ചയിച്ച സ്ഥലത്ത് പ്രതിപക്ഷ നേതാവ് എത്തുമെന്നും അവർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള ഈ നേരിട്ടുള്ള വാക്പോര് വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുപ്പിക്കുമെന്ന് ഉറപ്പായി.

You may also like