തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി വികസന കാര്യങ്ങളിൽ താൻ നേരിട്ട് സംവാദം ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണി മുതൽ ഫേസ്ബുക്കിലൂടെ ഈ സംവാദം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘മരിച്ചവരെ പോക്കറ്റടിച്ചില്ലേ നിങ്ങൾ’ എന്ന രൂക്ഷമായ ചോദ്യമാണ് ലേഖനത്തിലൂടെ മുഖ്യമന്ത്രി ഉയർത്തിയത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം വൈകുന്നതിനെ മുഖ്യമന്ത്രി ശക്തമായി പരിഹസിച്ചു. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് പ്രകാരം വീട് നിർമ്മാണത്തിനുള്ള അനുമതിക്കായി ഒരപേക്ഷ പോലും ഇതുവരെ നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയാത്തവണ്ണം അജ്ഞനാണോ പ്രതിപക്ഷ നേതാവ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിയമസഭയിൽ നേർക്കുനേർ സംവാദം നടത്താനുള്ള അവസരങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയ പ്രതിപക്ഷത്തിന് ഇപ്പോൾ തോന്നിയ വിവേകം നല്ലതാണെന്നും സംവാദം തുടരാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. എസ്പിജി സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ സ്വർണ്ണം മോഷ്ടിച്ചവരും വാങ്ങിയവരും ഇടനിലക്കാരും ഒത്തുകൂടിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ വെച്ച് പ്രതിപക്ഷ നേതാവിനെ നോക്കി പാട്ടുപാടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

