Home Top Storiesഎസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ല, പ്രചാരണം വസ്തുതാവിരുദ്ധം; നേമത്തും വർഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി

എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ല, പ്രചാരണം വസ്തുതാവിരുദ്ധം; നേമത്തും വർഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയും വർഗീയ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. വർഗീയതയോട് ഇടതുമുന്നണിക്ക് എന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. 2021-ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൽഡിഎഫ് നേമത്ത് മത്സരിച്ചതെന്നും ആ ശുദ്ധമായ വർഗീയവിരുദ്ധ നിലപാട് ഇന്നും തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ ധാരണയുടെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലത്തെ വാർത്താസമ്മേളനത്തിനിടെയുണ്ടായ വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകി. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വാർത്താസമ്മേളനം അവസാനിപ്പിക്കാറുള്ളത്. ആര് ചോദ്യം ചോദിക്കുന്നു എന്ന് നോക്കിയല്ല മറുപടി നൽകുന്നത്. സമയം ദീർഘിച്ചപ്പോൾ എഴുന്നേറ്റു പോയതാണെന്നും എന്നാൽ പിന്നിൽ ചിലർ ബോധപൂർവ്വം ബഹളം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിക്കാനാണ് തിരിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങളെ വക്രീകരിച്ച് കാണിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇത്തരം വിവാദങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. 2028-ഓടെ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കും. ഇതുവരെ 125 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് ലഭിച്ചുകഴിഞ്ഞു. ഐടി മേഖലയിൽ പത്ത് വർഷത്തിനിടെ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. കയറ്റുമതിയിൽ 200 ശതമാനം വളർച്ചയും 70,000-ത്തിലധികം പുതിയ തൊഴിലവസരങ്ങളും സർക്കാർ സൃഷ്ടിച്ചു. ഈ വികസനപാത തുടരണോ എന്നതാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like