Home Top Storiesക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യാഥാർഥ്യമാക്കും; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ

ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യാഥാർഥ്യമാക്കും; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ

by news_desk
0 comments

തിരുവനന്തപുരം: ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന വാഗ്ദാനത്തിനൊപ്പം എയിംസ് ഉൾപ്പെടെയുള്ള വമ്പൻ വികസന പദ്ധതികളാണ് പത്രികയിലുള്ളത്. കേരളത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബിജെപി ദേശീയ നേതാവ് നിതിൻ നബിൻ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.

കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത നിർമ്മിക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു. നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ലഭ്യമാക്കും. കൂടാതെ ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും പത്രികയിലുണ്ട്.

വർഷങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രാഷ്ട്രീയമായ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്ന് നിതിൻ നബിൻ ആരോപിച്ചു. അഴിമതിയും വികസനമില്ലായ്മയും കൊണ്ട് ജനങ്ങൾ ഈ ഇരുമുന്നണികളെയും മടുത്തിരിക്കുകയാണ്. വികസിത കേരളം, സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടേത് പ്രീണന രാഷ്ട്രീയമാണെന്നും തമിഴ്നാട്ടിലെ ഹിന്ദുവിരുദ്ധ നിലപാടുള്ള കക്ഷികളാണ് അദ്ദേഹത്തിന്റെ കൂട്ടാളികളെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഉത്തരവാദികളായ മുന്നണികൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും എൻഡിഎ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

You may also like