Home Keralaമുഖ്യമന്ത്രിയുമായുള്ള ഫേസ്ബുക്ക് സംവാദത്തിന് ‘ത്രില്ലില്ല’; വെല്ലുവിളിയിൽ നിന്ന് പിണറായി പിന്മാറിയെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിയുമായുള്ള ഫേസ്ബുക്ക് സംവാദത്തിന് ‘ത്രില്ലില്ല’; വെല്ലുവിളിയിൽ നിന്ന് പിണറായി പിന്മാറിയെന്ന് വി.ഡി. സതീശൻ

by news_desk
0 comments

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നേരിട്ടുള്ള സംവാദം നടക്കാത്തതിൽ നിരാശയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് വലിയ പ്രസക്തിയില്ലെന്നും നേരിട്ടുള്ള ചർച്ചയ്ക്കാണ് താൻ തയ്യാറായതെന്നും സതീശൻ വ്യക്തമാക്കി. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച മുഖ്യമന്ത്രി, പിന്നീട് അത് ഫേസ്ബുക്ക് വഴിയുള്ള ചർച്ചയാണെന്ന് പറഞ്ഞ് പിന്മാറിയത് ഭയം മൂലമാണെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ ഇത്രയധികം കള്ളം പറയുന്ന മറ്റൊരു ഭരണാധികാരി ഉണ്ടായിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. വർഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കണക്കുകൾ കോൺഗ്രസ് കൃത്യമായി പുറത്തുവിടുമെന്നും എന്നാൽ അത് ബോധിപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കല്ല, പണം നൽകിയ ജനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം കട്ടവർ മുഖ്യമന്ത്രിയുടെ ഒപ്പം എങ്ങനെ ഫോട്ടോ എടുത്തു എന്ന് ആദ്യം വ്യക്തമാക്കട്ടെ എന്നും അദ്ദേഹം തിരിച്ചടിച്ചു. എഫ്‌സിആർഎ വിഷയത്തിൽ ബിജെപിയുടെ തനിനിറം സഭാ അധ്യക്ഷന്മാർക്ക് ഇപ്പോൾ ബോധ്യമായെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ആദ്യം കത്തയച്ചത് താനാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം രാഷ്ട്രീയ ചർച്ചയായത്. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന റിപ്പോർട്ട് കാർഡിന്റെ അടിസ്ഥാനത്തിൽ സംവാദമാകാം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരുന്നു. തുടർന്ന് സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് നിശ്ചയിക്കാമെന്നും താൻ അവിടെ എത്തുമെന്നും സതീശൻ മറുപടി നൽകി. എന്നാൽ, താൻ നേരിട്ടുള്ള സംവാദത്തിനല്ല, ഫേസ്ബുക്ക് വഴിയുള്ള ചർച്ചയ്ക്കാണ് ക്ഷണിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തിരുത്തി. ഇതോടെയാണ് മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. 25 വർഷം എംഎൽഎ ആയ താൻ ഇത്തവണ ഉയർന്ന പദവിയിൽ എത്തണമെന്ന് പറവൂരുകാർ ആഗ്രഹിക്കുന്നുണ്ടാകാമെന്നും സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

You may also like