വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച രാത്രി ഒൻപത് മണിക്ക് വൈറ്റ് ഹൗസിൽ നിന്ന് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്ന് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് അറിയിച്ചു. ഇറാനിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള വിവരങ്ങൾ പ്രസിഡന്റ് പങ്കുവെക്കുമെന്നാണ് സൂചന.
ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അമേരിക്ക നിലവിൽ നടത്തുന്നത്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിന് നേരെ നേരത്തെ ബി-2 ബോംബറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചിരിക്കുന്നത് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പ്രസംഗം വരുന്നത്.
അതേസമയം, ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നതിനെതിരെ അമേരിക്കയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുന്നുണ്ട്. പുതിയ പോൾ സർവ്വേകളിൽ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ജനവികാരം ഉയരുന്നതായി വ്യക്തമാക്കുന്നു. സംഘർഷം അവസാനിപ്പിക്കുമെന്ന സൂചന ട്രംപ് നേരത്തെ നൽകിയിരുന്നെങ്കിലും, ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നിയന്ത്രണത്തിലാക്കാതെ പിന്മാറുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രസിഡന്റിന്റെ ഇന്നത്തെ പ്രഖ്യാപനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

