Home Internationalഅരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നാസയുടെ ആർട്ടെമിസ്-2 ദൗത്യം നാളെ

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നാസയുടെ ആർട്ടെമിസ്-2 ദൗത്യം നാളെ

by news_desk
0 comments

വാഷിംഗ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടെമിസ്-2’ ദൗത്യം നാളെ വിക്ഷേപിക്കും. ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം, ഏകദേശം 54 വർഷത്തെ ഇടവേള കഴിഞ്ഞാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.

രണ്ടുതവണ ഇന്ധനച്ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് മാറ്റിവെച്ച ദൗത്യമാണ് ഇപ്പോൾ തകരാറുകൾ പരിഹരിച്ച് വിക്ഷേപണത്തിന് സജ്ജമായിരിക്കുന്നത്. സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും സഞ്ചാരികൾ ഇരിക്കുന്ന ഓറിയോൺ പേടകം ചന്ദ്രനിലേക്ക് കുതിക്കുക. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്, ജെർമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ യാത്രികരാണ് ഈ ദൗത്യത്തിലുള്ളത്.

പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ലെങ്കിലും ഉപരിതലത്തിൽ നിന്നും 7,600 കിലോമീറ്റർ അടുത്തെത്തി ഭ്രമണപഥം വലംവെക്കും. നാല് ദിവസത്തെ മടക്കയാത്രയ്ക്ക് ശേഷം പേടകം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തും. ചന്ദ്രനെ ചുറ്റിയുള്ള ഈ ദൗത്യം വിജയകരമായാൽ, 2028-ൽ നടക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

You may also like