കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവ് എ.എസ്. ബിനോയ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണ് സുരേഷ് ഗോപി വിജയിച്ചതെന്നാരോപിച്ചാണ് എ.എസ്. ബിനോയ് കോടതിയെ സമീപിച്ചത്. ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ തള്ളിക്കളയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കോടതി, ഹർജിയിലെ ആരോപണങ്ങളിൽ വിചാരണ അനിവാര്യമാണെന്ന് വ്യക്തമാക്കി. ഇതോടെ തിരഞ്ഞെടുപ്പ് ഹർജിയിൽ സുരേഷ് ഗോപിക്ക് കോടതിയിൽ നേരിട്ട് ഹാജരായി വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടി വരും.
അതേസമയം, കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസ് നൽകിയവർക്ക് അതിനുള്ള അവകാശമുള്ളതുപോലെ തന്നെ വിധി ചോദ്യം ചെയ്യാൻ തങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിയമപോരാട്ടം ഇതോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

