ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ കോൺഗ്രസിലേക്ക് ചേക്കേറിയത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരൻ പഴയ ആളല്ലെന്നും പുതിയ ആളാണെന്നും തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ പണ്ട് എതിർത്ത അതേ കോൺഗ്രസിനെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കോൺഗ്രസ് നേതാക്കളുമായി സുധാകരൻ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. 15,000 സിപിഐഎം വോട്ടുകൾ കോൺഗ്രസിന് നൽകാമെന്ന് അദ്ദേഹം അവരെ ധരിപ്പിച്ചിട്ടുണ്ടാകാം. ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ടുകൾ സമാഹരിച്ച് വിജയിക്കാമെന്നാണ് സുധാകരന്റെ കണക്കുകൂട്ടൽ. എന്നാൽ ആലപ്പുഴയിലെ പാർട്ടി സംവിധാനം ഒരാളെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. സഖാക്കളും ജനങ്ങളും പാർട്ടിക്കൊപ്പമാണ്. ഇത്തരം അവസരവാദികളുടെ നിലപാടുകൾ പാർട്ടിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദീർഘകാലമായി എൽഡിഎഫ് വിജയിച്ചു വരുന്ന മണ്ഡലമാണ് അമ്പലപ്പുഴ. അവിടെ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ സഹായം തേടുന്ന സുധാകരന്റെ അവസ്ഥ ദയനീയമാണ്. ഇടതുമുന്നണിയെ തകർക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തവണയും അമ്പലപ്പുഴ എൽഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും എച്ച്. സലാം മികച്ച വിജയം കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. എല്ലാവർഗീയ ശക്തികളെയും കൂട്ടുപിടിച്ച് കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള സുധാകരന്റെ നീക്കത്തിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

