Home Autoദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; പുതിയ സാമ്പത്തിക വർഷത്തിൽ യാത്രകൾക്ക് ചിലവേറും

ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; പുതിയ സാമ്പത്തിക വർഷത്തിൽ യാത്രകൾക്ക് ചിലവേറും

by news_desk
0 comments

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ രാജ്യത്തെ പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന പാതകളായ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയവയിലെല്ലാം യാത്രക്കാർ ഇനി കൂടുതൽ തുക നൽകേണ്ടി വരും.

ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് പഴയ നിരക്കായ 120 രൂപ തുടരുമെങ്കിലും, പോയി-വരാനുള്ള നിരക്ക് 180-ൽ നിന്ന് 185 രൂപയായി ഉയർത്തി. ട്രക്കുകൾക്കും ബസുകൾക്കും ഒരു വശത്തേക്ക് 375 രൂപയും ഇരുവശത്തേക്കുമായി 565 രൂപയുമാണ് പുതിയ നിരക്ക്. ഈ വർധന വിമാനത്താവളത്തിലേക്കുള്ള എസി ബസ് സർവീസുകളുടെയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുടെയും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായേക്കും.

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാറുകളുടെ ടോൾ നിരക്കിൽ അഞ്ച് രൂപയുടെ വർധനവുണ്ടായി. കണിമിണിക്കി പ്ലാസയിൽ ഒരു വശത്തേക്ക് 180 രൂപയും ഇരുവശത്തേക്കുമായി 265 രൂപയുമാണ് പുതുക്കിയ നിരക്ക്. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൺവേ യാത്രയ്ക്ക് ഇനി മൊത്തം 355 രൂപ ടോൾ ഇനത്തിൽ മാത്രം നൽകണം. സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ഇടനാഴിയിലും കാറുകൾക്ക് അഞ്ച് രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ പ്രവർത്തനസജ്ജമായ ഹൊസക്കോട്ടെ-കെജിഎഫ് ഭാഗത്തും നിരക്കുകൾ പരിഷ്കരിച്ചു. നിലവിൽ പണികൾ പൂർത്തിയാകാത്തതിനാൽ പൂർണ്ണ എക്സ്പ്രസ് വേ നിരക്കിന് പകരം സാധാരണ ദേശീയപാതാ നിരക്കുകളാണ് ഇവിടെ ഈടാക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ധനവിലയ്ക്ക് പിന്നാലെ ടോൾ നിരക്കിലും ഉണ്ടായ ഈ വർധനവ് നിത്യയാത്രക്കാരെയും ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

You may also like