Home Editorialആൾക്കൂട്ട നീതി: ജനാധിപത്യത്തിന്റെ കറുത്ത മുഖം

ആൾക്കൂട്ട നീതി: ജനാധിപത്യത്തിന്റെ കറുത്ത മുഖം

by news_desk
0 comments

കേരളത്തിൽ വീണ്ടും ഒരു ആൾക്കൂട്ടക്കൊല. പെരുമ്പാവൂരിൽ തൊഴിൽ തേടിയെത്തി അസം സ്വദേശിയെ അതേ പോലെ തൊഴിൽതേടിയെത്തിയ മറ്റൊരു സംഘം തല്ലിക്കൊന്നിരിക്കുന്നു. നമ്മുടെ സമൂഹം എവിടേക്കാണ് നീങ്ങുന്നതെന്ന ചോദ്യം വീണ്ടും ഉയർത്തുകയാണ്. ഒരു മോഷണാരോപണം-അത് പോലും തെളിവില്ലാതെ-ഒരു മനുഷ്യന്റെ ജീവൻ എടുത്തുകളയാൻ കാരണമാകുന്നത് ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ കൂടുതൽ ഞെട്ടിക്കുന്നതാണ്. സംശയത്തിന്റെ പേരിൽ യുവാവിനെ പിന്തുടർന്ന് പിടികൂടി ഒരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. പിന്നീട് ആൾ മരിച്ചതോടെ പൊലീസിനെ അറിയിക്കുന്നതിലൂടെ കുറ്റബോധം കഴുകിക്കളയാമെന്ന വിചാരമോ? നിയമം കൈയിലെടുക്കുന്ന ഈ മനോഭാവം, ഒരു സമൂഹത്തിന്റെ സിവിൽ മൂല്യങ്ങളുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ ഏറ്റവും ഗുരുതരമായ കാര്യം, ആരോപണത്തിന് അടിസ്ഥാനമായിരുന്ന മൊബൈൽ ഫോണുകൾ പിന്നീട് കമ്പനി പരിസരത്തുനിന്ന് തന്നെ കണ്ടെത്തിയതാണ്. അതായത്, ഒരു നിരപരാധി സംശയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തി.

ഈ സത്യം സംഭവത്തെ കൂടുതൽ ദാരുണമാക്കുന്നു. ‘സംശയം’ എത്ര അപകടകരമായ ആയുധമാകാമെന്നതിന് ഇതാണ് ഏറ്റവും വേദനാജനകമായ ഉദാഹരണം. ‎മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടെയും മഹത്തായ മൂല്യങ്ങളെ കുറിച്ച് എക്കാലവും സംസാരിക്കുന്ന അതിന് പ്രചാരം കൊടുക്കുന്ന നാടാണ് കേരളം. അവിടെയാണ് ക്രൂരമായ ആൾക്കൂട്ടക്കൊല ആവർത്തിക്കപ്പെടുന്നത്. വിശന്നപ്പോൾ ഭക്ഷണം എടുത്ത അട്ടപ്പാടിയിലെ മധു ഇന്നും മനസാക്ഷിയുള്ളവരുടെ വേദനയാണ്. നാളുകൾക്ക് മുമ്പാണ് പാലക്കാട് തന്നെ ഇതര സംസ്ഥാനക്കാരനായ യുവാവിനെ ആൾക്കൂട്ട ചോദ്യം ചെയ്യലും സംഘം ചേർന്നുള്ള ക്രൂരമർദനവുമുണ്ടായത്. മർദനത്തിന്റെ മണിക്കൂറുകൾക്കകം യുവാവ് മരിച്ചു. സാംസ്കാരിക പ്രബുദ്ധതയെന്ന് ഉറക്കെ ഓരിയിടുന്ന കേരളത്തിലാണിത്.പലയാവർത്തി നമ്മൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ് ഈ നാടിന് ഇവിടുത്തെ മനുഷ്യർക്ക് എന്താണ് സംഭവിച്ചത്. മൃഗങ്ങളുടെ പെരുമാറുന്നതിനേക്കാൾ ക്രൂരവും പൈശാചികവുമായയാണ് മനുഷ്യരോട് മനുഷ്യർ തന്നെ പെരുമാറുന്നത്.ഇത്രത്തോളം ഭീകരത ആളുകളെ ഏത് രീതിയിലും കായികമായി നേരിട്ട് അവസാനിപ്പിക്കണം എന്നുള്ള വാശി എന്താണ് ഇതിലൂടെ നേടിയെടുക്കാൻ ഇവരെല്ലാം ഉദ്ദേശിക്കുന്നത്.

ഒരു മനുഷ്യൻറെ ജീവൻ മുന്നിൽ കിടന്നു പിടയുമ്പോഴും അല്പം പോലും അതിനോട് കരുണ തോന്നാത്ത മനസ്സും അതിൻറെ ഉടമയായ മനുഷ്യരും ഈ ലോകത്തിന് എന്നല്ല ഇനി വരാനിരിക്കുന്ന ഈരേഴു ലോകത്തിനും ആപത്താണ്. സ്നേഹവും സാഹോദര്യവും സഹവർത്തിത്വവും പറയേണ്ട കാലത്ത് മതവും ജാതിയും അവനവന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് വർഗീകരിച്ച് പറഞ്ഞു തുടങ്ങിയതു മുതലാണ് സമാനമായ സംഭവങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തുടർക്കഥയായത്. പിന്നിട്ട കാലങ്ങളിൽ ഉത്തരേന്ത്യയിലോ അല്ലെങ്കിൽ പുറം രാജ്യങ്ങളിലോ മാത്രം കേട്ടുകേൾവി ഉണ്ടായിരുന്ന  ആൾക്കൂട്ട കൊലപാതകങ്ങൾ ക്രമസമാധാനത്തിന്റെ ഉന്നതിയിലും സാമൂഹിക ബോധത്തിന്റെയും പ്രബുദ്ധതയുടെയും പാരമ്യത്തിലും എത്തിനിൽക്കുന്ന കേരളത്തിലും ഉണ്ടാകുന്നു എന്നുള്ളത് ഒരു ദുസു ചനയാണ്. ഇത്തരത്തിലുള്ള ആൾക്കൂട്ട അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്, നിയമവ്യവസ്ഥയിലുള്ള വിശ്വാസക്കുറവും സഹിഷ്ണുതയുടെ ക്ഷയവുമാണ് പ്രകടിപ്പിക്കുന്നത്. ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാൻ കോടതി ഉണ്ടെന്ന അടിസ്ഥാനബോധം പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കേരളം പോലെയുള്ള സാമൂഹിക ബോധമുള്ള സംസ്ഥാനത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ആശങ്കാജനകമാണ്. തൊഴിൽ തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്ന തൊഴിലാളികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അവർ നമ്മുടെ സാമ്പത്തിക സംവിധാനത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അവരെ സംശയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് മാനവികതയ്ക്കെതിരാണ്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശനമായ നടപടി അനിവാര്യമാണ്. അതിലൂടെ മാത്രമേ ഇത്തരം പ്രവണതകൾക്ക് തടയിടാനാകൂ. അതിനൊപ്പം, സമൂഹത്തിന്റെ നിലപാടുകളിലും മാറ്റം വേണം. സംശയം ഉണ്ടായാൽ നിയമപരമായ മാർഗ്ഗം സ്വീകരിക്കണമെന്ന ബോധം വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനവും സാമൂഹിക സംഘടനകളും ചേർന്നാണ്.
ഒരു മനുഷ്യന്റെ ജീവൻ എടുത്തുകളയാൻ ഒരാൾക്കും അധികാരമില്ല-അത് നിയമത്തിനുമാത്രമാണ്. ആ സത്യത്തെ മറന്നാൽ, സമൂഹം അനിയന്ത്രിതമായ അക്രമത്തിലേക്ക് വഴുതിവീഴും. പെരുമ്പാവൂരിലെ സംഭവം ഒരു മുന്നറിയിപ്പാണ്. ആൾക്കൂട്ട നീതി എന്ന പേരിൽ നടക്കുന്ന ക്രൂരതകൾക്കെതിരെ സമൂഹം മുഴുവൻ ഒരുമിച്ച് ശബ്ദമുയർത്തേണ്ട സമയമാണിത്. മനുഷ്യത്തിൻ്റെ സംരക്ഷണമാണ് യഥാർഥ നീതി. 

You may also like