തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സാമൂഹിക ക്ഷേമത്തിനും വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പത്രികയിൽ, ക്ഷേമ പെൻഷനുകൾ 3,000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും പവർകട്ട് ഇല്ലാത്ത സാഹചര്യം തുടരുമെന്നും പത്രിക ഉറപ്പുനൽകുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്. കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പാക്കും. ടൂറിസം മേഖലയിൽ 15 ലക്ഷം വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അഞ്ച് ലക്ഷം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുമെന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം കെ-ഫോൺ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു.
സ്ത്രീസുരക്ഷയ്ക്കായി തദ്ദേശഭരണ തലത്തിൽ ക്രൈം മാപ്പിംഗ് നടത്തും. പട്ടികവർഗ ക്ഷേമത്തിനായുള്ള ഉപപദ്ധതികൾ ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങൾക്ക് വിധേയമായി നടപ്പിലാക്കും. സമ്പൂർണ്ണ മാലിന്യ സംസ്കരണം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള കർമ്മപദ്ധതികൾ എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക മൈത്രിയും സംരക്ഷിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന യുഡിഎഫിന് ഇതിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയ ഈ പത്രിക വികസനത്തുടർച്ച ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അടിസ്ഥാന വികസനത്തിനൊപ്പം ജനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പങ്കുവെച്ചു.

