ഒടുവിൽ തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങളുയരുന്നതിനിടെ വയനാട് ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള കണക്കുക കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നു. അതാകട്ടെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് പുതിയ അധ്യായം തുറന്നിരിക്കുന്നു എന്ന് മാത്രമല്ല, ഗൗരവകരമായ സംശയങ്ങൾക്കുമാണ് ഇടനൽകിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ 5.38 കോടി രൂപ സമാഹരിച്ചതും, അതിൽ 1.5 കോടി യൂത്ത് കോൺഗ്രസിന്റെ സംഭാവനയുമാണെന്ന് വ്യക്തമാക്കുന്നു. ആപ്പ് നിർമ്മാണത്തിനായി 9 ലക്ഷം രൂപ ചെലവായതും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ പുറത്തുവന്ന സാഹചര്യവും സമയവും തന്നെ കൂടുതൽ ചോദ്യങ്ങൾക്ക് വഴിവെക്കുകയാണ്. കഴിഞ്ഞ ദിവസംവരെ “ഓഡിറ്റ് നടപടികൾ പൂർത്തിയായശേഷം മാത്രമേ കണക്കുകൾ പുറത്തുവിടൂ” എന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. അതിന് മണിക്കൂറുകൾക്കകം കണക്കുകൾ പുറത്തുവന്നത്, അതിന് മുൻപ് തന്നെ കെ.സി. വേണുഗോപാൽ നൽകിയ അഭിമുഖത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തപ്പെട്ടത്-ഇവയൊക്കെ കോൺഗ്രസിനകത്തെ ഏകോപനക്കുറവിനെയും ഗ്രൂപ്പ് താത്പര്യങ്ങളെയും സൂചിപ്പിക്കുന്നതായാണ് തോന്നുന്നത്.
രാഷ്ട്രീയ നിലപാടുകളിൽ ഏകീകരണമില്ലാത്തത്, പൊതുജനങ്ങളുടെ മുന്നിൽ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഘടകമാണ്. ദുരന്തകാലങ്ങളിൽ ജനങ്ങൾ നൽകിയ ഓരോ രൂപയും വെറും സാമ്പത്തിക ഇടപാടല്ല; അത് മനുഷ്യസ്നേഹത്തിന്റെ പ്രതിഫലനമാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് പിന്നാലെ കേരളം മുഴുവൻ ചേർന്നുനിന്നത് അതിന്റെ തെളിവാണ്. ഒരു രൂപ നാണയം മുതൽ വലിയ തുകകൾ വരെ നൽകിയവരുടെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്-അത് സുതാര്യതയും ഉത്തരവാദിത്വവുമാണ്. ആ പ്രതീക്ഷയെ തകർക്കുന്ന തരത്തിൽ കണക്കുകളിൽ വ്യക്തതയില്ലാത്തത് ഗുരുതരമായ വീഴ്ചയാണ്. അതിലും വേദനാജനകമായത്, ദുരന്തബാധിതരുടെ ജീവിതം രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ ഭാഗമാകുന്നതാണ്. ശ്രുതി എന്ന ദുരന്തബാധിതയ്ക്ക് ഭവനം നൽകാമെന്ന വാഗ്ദാനം നൽകിയ ശേഷം അത് പാലിക്കപ്പെടാത്ത സാഹചര്യം, രാഷ്ട്രീയ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. സർക്കാർ നൽകിയ വീട് ഉപേക്ഷിച്ച് ആ വാഗ്ദാനത്തിൽ വിശ്വാസം വെച്ച ഒരാളുടെ ജീവിതം അനിശ്ചിതത്വത്തിലാകുന്നത് ഒരു സമൂഹത്തിനും അംഗീകരിക്കാനാകില്ല. രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങളും മത്സരം സ്വാഭാവികമാണ്. എന്നാൽ ദുരന്തമുഖത്ത് അതിന് സ്ഥാനം ഇല്ല. അവിടെ വേണ്ടത് പരസ്പര കുറ്റപ്പെടുത്തലുകളല്ല, സഹകരണവും ചേർന്നുനിൽപ്പുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയ നേട്ടങ്ങളുടെ വേദിയാകുമ്പോൾ, അതിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ മറഞ്ഞുപോകും.
കണക്കുകൾ പുറത്തുവിടുന്നത് മാത്രമല്ല, അത് വിശ്വാസം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം. സുതാര്യതയുടെ പേരിൽ പുറത്തുവരുന്ന വിവരങ്ങൾ കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നുവെങ്കിൽ, അത് ലക്ഷ്യം സാധിച്ചുവെന്നല്ല, മറിച്ച് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ്. കോൺഗ്രസ് പോലുള്ള ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഇന്നും സാധാരണക്കാരന് ഉള്ള വിശ്വാസം ചെറുതല്ല. ആ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് നേതൃത്യത്തിന്റെ ഉത്തരവാദിത്വമാണ്. ദുരന്തബാധിതരുടെ വേദനകളെ രാഷ്ട്രീയ ആയുധമാക്കാതെ, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മനുഷ്യസ്നേഹപരമായ സമീപനമാണ് വേണ്ടത്. ദുരിതാശ്വാസ നിധി എന്നത് കണക്കുകളുടെ വിഷയമാത്രമല്ല; അത് വിശ്വാസത്തിന്റെ വിഷയമാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കപ്പെടുന്നുവോ എന്നതാണ് ഇന്നത്തെ യഥാർഥ ചോദ്യം.

