ഒരു സ്ഥാപനത്തിന്റെ വാതിലുകൾ അടയുമ്പോൾ ഒരു കെട്ടിടം മാത്രമല്ല നിശ്ശബ്ദമാകുന്നത്; അനേകം കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർന്നുവീഴുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ ഒരു രാത്രികൊണ്ട് പൂട്ടി, ആയിരത്തോളം ജീവനക്കാരെ ഒരു മുന്നറിയിപ്പുപോലുമില്ലാതെ തൊഴിൽരഹിതരാക്കിയ കോറോ ഹെൽത്തിന്റെ നടപടി ആധുനിക കോർപ്പറേറ്റ് ലോകത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് തുറന്നുകാട്ടുന്നത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരോട് ‘ഇനി നിങ്ങളുടെ സേവനം ആവശ്യമില്ല’ എന്ന സന്ദേശം അറിയിച്ച നിമിഷം, ഒരു കമ്പനിയുടെ പ്രഖ്യാപനം മാത്രമായിരുന്നില്ല അത്; തൊഴിലാളിയുടെ ആത്മാഭിമാനത്തെയും അവകാശത്തെയും നിഷ്ഠൂരമായി അപമാനിച്ച പ്രഖ്യാപനമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും മനുഷ്യജീവിതത്തെ കൂടുതൽ സുരക്ഷിതമാക്കുമെന്നാണ് ലോകം പ്രതീക്ഷിച്ചത്. എന്നാൽ അതേ സാങ്കേതിക യുഗത്തിൽ മനുഷ്യനെ ഒരു യന്ത്രഭാഗം പോലെ മാറ്റിവെക്കാവുന്ന ഉപഭോഗവസ്തുവായി കാണുന്ന കോർപ്പറേറ്റ് മനോഭാവമാണ് വളർന്നുവരുന്നത്. ലാഭം കുറഞ്ഞാൽ ആദ്യം പുറത്താക്കപ്പെടുന്നത് തൊഴിലാളിയാണ്; നഷ്ടം വരുമ്പോൾ ആദ്യം തകരുന്നത് തൊഴിലാളിയുടെ കുടുംബമാണ്. കോർപ്പറേറ്റ് ബോർഡ്റൂമുകളിൽ എടുക്കുന്ന ഒരു തീരുമാനം, നൂറുകണക്കിന് വീടുകളിലെ അടുപ്പാണ് അണയ്ക്കുന്നതെന്ന യാഥാർഥ്യം അവർ പലപ്പോഴും മറക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു. എന്നാൽ അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിയമനം തുടരുന്നുവെന്ന റിപ്പോർട്ടുകൾ ഉയരുമ്പോൾ ആ വാദം കൂടുതൽ സംശയങ്ങൾ സൃഷ്ടിക്കുന്നു. യഥാർഥത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നോ, അതോ കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം കണ്ടെത്താനുള്ള കോർപ്പറേറ്റ് തന്ത്രമായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സംഭവത്തെ ഒറ്റപ്പെട്ട കോർപ്പറേറ്റ് നടപടിയായി മാത്രം കാണാനാകില്ല. രാജ്യത്ത് തൊഴിൽനിയമങ്ങളിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിനെ വിലയിരുത്തേണ്ടത്. വർഷങ്ങളായി തൊഴിലാളികൾ പോരാടി നേടിയ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നത്. വ്യവസായ വികസനവും നിക്ഷേപവും എളുപ്പമാക്കുക എന്നത് ലക്ഷ്യമാണെന്ന് സർക്കാർ പറയുമ്പോൾ, തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടിയത് തൊഴിൽസുരക്ഷയുടെ അടിത്തറ തന്നെ ദുർബലമാകുമെന്നായിരുന്നു. കോറോ ഹെൽത്ത് സംഭവം ആ ആശങ്കകൾക്ക് പുതിയ ഇന്ധനം പകരുകയാണ്. കേരളം വിദ്യാഭ്യാസമുള്ള യുവജനങ്ങളുടെ നാടാണ്. മെഡിക്കൽ കോഡിങ്, ഐ.ടി., ഹെൽത്ത് കെയർ, ബി.പി.ഒ. തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് യുവാക്കൾ സ്വന്തം കഴിവിലും അധ്വാനത്തിലുമാണ് ജീവിതം പടുത്തുയർത്തിയത്. വീടുവായ്പയും വിദ്യാഭ്യാസ വായ്പയും കുടുംബച്ചെലവുകളും ഭാവിസ്വപ്നങ്ങളും ആ ശമ്പളത്തെ ആശ്രയിച്ചാണ്. ഒരു കമ്പനിയുടെ ഏകപക്ഷീയമായ തീരുമാനം ആ ജീവിതങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കാൻ പാടില്ല. തൊഴിൽ എന്നത് ശമ്പളം മാത്രമല്ല; അത് ഒരു കുടുംബത്തിന്റെ സുരക്ഷയും ആത്മാഭിമാനവും സാമൂഹിക അന്തസ്സുമാണ്. ഇവിടെ ഒരു വലിയ ചോദ്യമുണ്ട്. കോർപ്പറേറ്റുകളുടെ നിക്ഷേപം സംരക്ഷിക്കാൻ ഭരണകൂടങ്ങൾ മത്സരിക്കുമ്പോൾ, ആ സ്ഥാപനങ്ങളെ വളർത്തിയ തൊഴിലാളികളെ സംരക്ഷിക്കാൻ ആരാണ് മുന്നോട്ട് വരുന്നത്? നിക്ഷേപകർക്ക് ചുവന്ന പരവതാനി വിരിക്കുന്ന സർക്കാരുകൾ, തൊഴിലാളിയുടെ കണ്ണീരിനും അതേ പ്രാധാന്യം നൽകുന്നുണ്ടോ? തൊഴിൽസൃഷ്ടിയുടെ പേരിൽ തൊഴിൽസുരക്ഷയെ ഇല്ലാതാക്കുന്ന നയം ജനാധിപത്യത്തിന്റെ ആത്മാവിന് യോജിച്ചതാണോ?. ഇത് കോറോ ഹെൽത്തിന്റെ മാത്രം വിഷയമല്ല. നാളെ മറ്റൊരു കോർപ്പറേറ്റ് സ്ഥാപനവും ഇതേ മാതൃക പിന്തുടരില്ലെന്ന് ആരാണ് ഉറപ്പ് നൽകുക? ഇന്ന് മെഡിക്കൽ കോഡിങ് മേഖലയാണെങ്കിൽ നാളെ ഐ.ടി., വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, സേവനമേഖല-ഏത് മേഖലയിലും ഈ അനിശ്ചിതത്വം ആവർത്തിക്കാം. അതിനാൽ ഈ സംഭവം ഒരു മുന്നറിയിപ്പായാണ് രാജ്യം കാണേണ്ടത്. കേരള സർക്കാരും കേന്ദ്രസർക്കാരും തൊഴിൽവകുപ്പും ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണം. കമ്പനി എല്ലാ നിയമനടപടികളും പാലിച്ചിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണം. ജീവനക്കാർക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ഉറപ്പാക്കണം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനർനിയമനത്തിനും പുനർപരിശീലനത്തിനും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ തൊഴിൽനിയമങ്ങളെയും പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തൊഴിലാളിയുടെ വിയർപ്പിലാണ് ഓരോ സ്ഥാപനവും ഉയരുന്നത്. ആ വിയർപ്പിന് വില നൽകാത്ത വികസനം പുരോഗതിയല്ല; അത് ചൂഷണമാണ്. കോർപ്പറേറ്റുകളുടെ ലാഭക്കണക്കുകളിൽ മനുഷ്യജീവിതം വെറും അക്കങ്ങളായി ചുരുങ്ങുന്ന അവസ്ഥയ്ക്ക് അറുതി വരണം. അല്ലാത്തപക്ഷം ഇന്ത്യയുടെ തൊഴിൽമേഖലയിൽ ഉയരാൻ പോകുന്നത് പ്രതിഷേധങ്ങളുടെ പുതിയ ചരിത്രമായിരിക്കും. ജനങ്ങളുടെ ജീവിതത്തെക്കാൾ ലാഭത്തെ മഹത്വവത്കരിക്കുന്ന സാമ്പത്തിക നയങ്ങൾ എത്ര മനോഹരമായി പൊതിഞ്ഞുവച്ചാലും, അവയുടെ യഥാർഥ മുഖം ഒടുവിൽ തൊഴിലാളിയുടെ കണ്ണീരിൽ തന്നെയാകും പ്രതിഫലിക്കുക.
2

