ദുബായ്: ഇസ്രായേൽ–അമേരിക്കൻ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. ശനിയാഴ്ച രാത്രി വൈകി ബഹ്റൈനിലും കുവൈറ്റിലും നടന്ന ഡ്രോൺ ആക്രമണ പരമ്പരകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സ് ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതോടൊപ്പം രണ്ട് പ്രധാന വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനവും തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനിലെ പ്രമുഖ ഇന്ധന സ്ഥാപനമായ ബാപ്കോയുടെ സിത്ര ദ്വീപിലെ റിഫൈനറിയെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് വൻ തീപിടുത്തമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ കൃത്യതയാർന്ന മിസൈലുകളും ഡ്രോണുകളും തുടർന്നും പ്രയോഗിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം അവസാനം ആരംഭിച്ച സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് യുദ്ധം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നത്. ആക്രമണങ്ങൾക്കുപിന്നാലെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ഇതിനിടെ, സമാധാന കരാറിലേക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നടത്തിയ അമേരിക്കൻ സൈനിക നടപടിയിൽ ഇറാനിലെ ഉന്നത സൈനിക നേതാക്കൾ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ആണവ വികിരണ ഭീഷണി ഉയർത്തിയ ഇറാന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മുഴുവൻ മേഖലയും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ജിസിസി രാജ്യങ്ങളെയും വികിരണ ഭീഷണി ബാധിക്കാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

