വയനാട്: ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണന് സീറ്റ് നൽകിയതിനെതിരെ കുടുംബം ശക്തമായി രംഗത്ത്. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
കേസിൽ പ്രതിയായ വ്യക്തിക്ക് തന്നെ സീറ്റ് നൽകിയ നടപടി നീതികേടാണെന്നും, പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്നും കുടുംബം ആരോപിച്ചു. മുൻപ് വീട്ടിലെത്തി കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പാർട്ടി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിയും കോൺഗ്രസും കുടുംബത്തെ വഞ്ചിച്ചുവെന്നാരോപിച്ച കുടുംബം, ഐ.സി. ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ തന്നെ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനെന്ന് ആരോപിക്കുന്ന വ്യക്തിക്ക് പിന്തുണ നൽകാനാകില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു.

