ആൻഡമാൻ-നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ 348 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെയുള്ള ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 29 ആണ്. അപേക്ഷകരുടെ കുറഞ്ഞ പ്രായം 18 വയസായിരിക്കണം. പുരുഷന്മാർക്ക് പരമാവധി പ്രായം 33 വയസും സ്ത്രീകൾക്ക് 38 വയസുമാണ്. സംവരണ വിഭാഗങ്ങൾക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും കായികതാരങ്ങൾക്കും പ്രായ ഇളവുകൾ ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഫിസിക്കൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടും. ആദ്യഘട്ടമായ ശാരീരിക ക്ഷമത പരിശോധനയിൽ പുരുഷന്മാർ 10 കിലോമീറ്ററും സ്ത്രീകൾ 8 കിലോമീറ്ററും ഓടണം. തുടർന്ന് ലോങ് ജംപ് ടെസ്റ്റും ഭാരം വഹിച്ച് 500 മീറ്റർ സഞ്ചരിക്കുന്ന പരീക്ഷണവും ഉണ്ടായിരിക്കും. പുരുഷന്മാർ 30 കിലോയും സ്ത്രീകൾ 20 കിലോയും ഭാരം വഹിക്കേണ്ടതാണ്.
ഈ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

