തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുന്നു. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ് തുടരുന്നത്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.
നിശബ്ദ പ്രചാരണ സമയത്തെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ ആരംഭിക്കും.
വോട്ടെടുപ്പിനായി എത്തുന്നവര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുമതിയില്ല. ഇതിനായി മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 53,984 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്. വിവിധ മണ്ഡലങ്ങളില്‍നിന്നായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 24 താല്‍ക്കാലിക ബൂത്തുകള്‍ ഉള്‍പ്പെടെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രശ്നബാധിത ബൂത്തുകളായി തിരിച്ചറിഞ്ഞ 2040 കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നടത്തിയ വോട്ടെടുപ്പില്‍ 98 ശതമാനം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സമാധാനപരവും സുഗമവുമായി വോട്ടെടുപ്പ് നടത്താന്‍ മതിയായ പൊലീസ് സേനയെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

