Home International16 വയസിന് താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റ, സ്നാപ്ചാറ്റ് അടക്കം നിരോധനം; ചരിത്ര തീരുമാനവുമായി ബ്രിട്ടന്‍

16 വയസിന് താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റ, സ്നാപ്ചാറ്റ് അടക്കം നിരോധനം; ചരിത്ര തീരുമാനവുമായി ബ്രിട്ടന്‍

by news_desk1
0 comments

ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിച്ച് ബ്രിട്ടൻ. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ കർശന നിയമം നടപ്പാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.

ഓസ്‌ട്രേലിയ നടപ്പാക്കിയ മാതൃകയെക്കാൾ കർശനമായ ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്നത്. സുരക്ഷിതമെന്ന് കരുതുന്ന പ്ലാറ്റ്‌ഫോമുകളിലെ ലൈവ് സ്ട്രീമിംഗിനും നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകളിലൂടെ അപരിചിതർ കുട്ടികളുമായി ബന്ധപ്പെടുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിൽ ഉൾപ്പെടും. കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.

നിരോധന പരിധിയിലുള്ള പ്രധാന പ്ലാറ്റ്‌ഫോമുകൾ:

  • ടിക്‌ടോക്
  • സ്നാപ്ചാറ്റ്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ്
  • റെഡിറ്റ്
  • ട്വിച്ച്
  • എക്‌സ് (മുൻ ട്വിറ്റർ)
  • ത്രെഡ്സ്
  • ഫേസ്ബുക്ക്
  • കിക്ക്

ഇതിന് പുറമെ, പ്രായം കൂടിയ കൗമാരക്കാർക്ക് രാത്രികാല സോഷ്യൽ മീഡിയ നിയന്ത്രണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തിൽ നിയന്ത്രണവും പുതിയ നിയമത്തിൽ ഉൾപ്പെടുത്തും.

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്നും ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് കാലത്തിന്റെ ആവശ്യകതയാണെന്ന് കീർ സ്റ്റാർമർ പറഞ്ഞു. പഴയ സംവിധാനങ്ങളുടെ പരാജയങ്ങൾ ആവർത്തിക്കാതെ കുടുംബങ്ങൾക്കൊപ്പം നിൽക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ബ്രിട്ടൻ സർക്കാർ മൂന്ന് മാസത്തെ വിപുലമായ ജനഹിത പരിശോധന നടത്തിയിരുന്നു. 1.16 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത സർവേയിൽ 90 ശതമാനം മാതാപിതാക്കളും 16 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുണച്ചു. 83 ശതമാനത്തിലധികം പേർ സോഷ്യൽ മീഡിയയുടെ ഗുണങ്ങളേക്കാൾ ദോഷങ്ങൾ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.

ഇൻഫിനിറ്റ് സ്ക്രോളിംഗ്, ഓട്ടോപ്ലേ പോലുള്ള ഫീച്ചറുകൾ നിയന്ത്രിക്കുന്നതും കർശനമായ പ്രായ പരിശോധന ഉറപ്പാക്കുന്നതും നിയമത്തിന്റെ ഭാഗമാകും. തിങ്കളാഴ്ചയോടെ ഈ ചരിത്രപരമായ നിയമത്തിന്റെ പൂർണ്ണ രൂപം ബ്രിട്ടൻ സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.

You may also like