Home Internationalഅമ്മയോട് ഫോൺവിളിക്ക് പിന്നാലെ ഡ്രോൺ ആക്രമണം; യുക്രൈനിൽ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

അമ്മയോട് ഫോൺവിളിക്ക് പിന്നാലെ ഡ്രോൺ ആക്രമണം; യുക്രൈനിൽ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

by news_desk1
0 comments

പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെയെയാണ് ഇതുവരെ കണ്ടെത്താനാകാത്തത്. ജൂലൈ 25നാണ് സംഭവം നടന്നത്.

നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്ര തിരിച്ചത്. ജൂലൈ 24-ന് രാത്രിയിൽ അമ്മ കൽപന ദുബെയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം, കപ്പൽ യുക്രൈനിൽ നിന്ന് യാത്രതിരിച്ചതായി കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ഒഡേസ തുറമുഖത്തിന് സമീപം കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയാകുകയായിരുന്നു.

‘എം.വി. എ.ജി.എൻ. റാഗ്നർ’ എന്ന ചരക്ക് കപ്പലിലായിരുന്നു റാം ചന്ദ്ര സഞ്ചരിച്ചിരുന്നത്. എട്ട് ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നാല് പേർ ഇന്ത്യക്കാരായിരുന്നു. ആക്രമണത്തെ തുടർന്ന് ജീവൻ രക്ഷിക്കാൻ ഇന്ത്യൻ നാവികർ കടലിലേക്ക് ചാടുകയായിരുന്നു. യുക്രൈൻ രക്ഷാസേന നടത്തിയ തെരച്ചിലിൽ രണ്ട് ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ റാം ചന്ദ്ര ദുബെയെയും ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ മറ്റൊരു ഇന്ത്യൻ നാവികനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തെ തുടർന്ന് റാം ചന്ദ്രയുടെ സഹോദരൻ കൃഷ്ണ ദാസ് ദുബെയും കുടുംബവും ദില്ലിയിലെത്തി കപ്പൽ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. തെരച്ചിൽ തുടരുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും കുടുംബത്തിന്റെ ആശങ്ക തുടരുകയാണ്. ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രാലയത്തെയും കുടുംബം സമീപിച്ചിട്ടുണ്ട്.

യുക്രൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

You may also like