മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു. ബാലാജി നഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ നിലംപൊത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഡോഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളെയും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ പഴക്കമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തെക്കുറിച്ച് തദ്ദേശസ്ഥാപന അധികൃതർ നേരത്തേ നോട്ടീസ് നൽകിയിരുന്നുവെന്നും വിവരമുണ്ട്.
നാലുനിലകളിലായി 48 മുറികളുള്ള കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ വലിയ വിള്ളലുകളും അസ്വാഭാവിക ശബ്ദവും കേട്ടതായി താമസക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് ചിലരെ സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും മറ്റുചിലർ കെട്ടിടത്തിനുള്ളിൽ തന്നെ തുടരുകയായിരുന്നു. തുടർന്ന് ഏകദേശം രണ്ടര മണിക്കൂറിനുശേഷം, രാത്രി 11.30ഓടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് വൻ ദുരന്തമുണ്ടായി.

