പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊർ മൂപ്പൻ മോഹൻദാസിനെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉൾക്കാട്ടിലെ പാറയുടെ ചെരുവിനോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് കുടുംബം അറിയിച്ചിരുന്നു. സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് കാട് കയറാൻ കാരണമായതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
കാണാതായതിന് പിന്നാലെ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും കെഡാവർ നായ്ക്കളെ വിന്യസിച്ചും നിരവധി ദിവസങ്ങളായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് നടത്തിയ സമഗ്ര തെരച്ചിലിലാണ് ഉൾവനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പൂർണമായും ജീർണിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

