ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാവേരി വെള്ളം വേണ്ടെന്ന നിലപാട് സ്വീകരിക്കാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും, എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കർണാടകയും തമിഴ്നാടും തമ്മിൽ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്ന് വ്യക്തമായി. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള കൂടിക്കാഴ്ച നിലവിലെ സാഹചര്യത്തിൽ മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ബെംഗളൂരുവിലേക്ക് എത്തേണ്ടതില്ലെന്ന് വിജയ്യോട് ആവശ്യപ്പെടുമെന്നും, നിലവിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും ഡി.കെ. ശിവകുമാർ അറിയിക്കുമെന്ന് സൂചനയുണ്ട്. കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വിഷയത്തിൽ തുടർനടപടികളും സർക്കാരിന്റെ ഔദ്യോഗിക നിലപാടും സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

