Home Kerala‘പോടാ പുല്ലേ പൊലീസേ’ പരാമർശത്തിൽ കേരള പൊലീസ് ലജ്ജിച്ചു; സുഗതനെ സംരക്ഷിക്കുന്നുവെന്ന് ശ്രീലേഖയ്‌ക്കെതിരെ കെ എൻ ബാലഗോപാൽ

‘പോടാ പുല്ലേ പൊലീസേ’ പരാമർശത്തിൽ കേരള പൊലീസ് ലജ്ജിച്ചു; സുഗതനെ സംരക്ഷിക്കുന്നുവെന്ന് ശ്രീലേഖയ്‌ക്കെതിരെ കെ എൻ ബാലഗോപാൽ

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ “പോടാ പുല്ലേ പൊലീസേ” എന്ന് വിളിച്ചപ്പോൾ കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്നും, ഇങ്ങനെയൊരു വ്യക്തിയായിരുന്നു സംസ്ഥാനത്തെ മുൻ ഡിജിപിയെന്ന ചിന്ത പൊലീസിനുണ്ടായെന്നും ബാലഗോപാൽ പറഞ്ഞു.

ഒരു മുൻ ഡിജിപിയുടെ സംരക്ഷണത്തിലാണ് സുഗതൻ എന്ന ഗുണ്ട നിലകൊണ്ടതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ശ്രീലേഖയ്ക്ക് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന ചോദ്യവും ബാലഗോപാൽ ഉയർത്തി.

ഉത്തരേന്ത്യൻ രാഷ്ട്രീയ രീതികൾ ബിജെപി തിരുവനന്തപുരത്ത് കൊണ്ടുവരാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. ചെറിയ വോട്ടു വ്യത്യാസത്തിലാണ് എൽഡിഎഫിന് ഭരണം നഷ്ടമായതെന്നും, ഇവിടെ എന്തും ചെയ്യാമെന്ന് ആരും കരുതേണ്ടെന്നും ബാലഗോപാൽ പറഞ്ഞു.

വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടും അദ്ദേഹം വിമർശനം ഉന്നയിച്ചു. മുൻപ് വിസിമാർ എല്ലാവരും അംഗീകരിക്കുന്ന വ്യക്തികളായിരുന്നുവെന്നും, ഇന്ന് ആർഎസ്എസിന്റെ നിർദേശപ്രകാരമാണ് അവരെ തീരുമാനിക്കുന്നതെന്നും ആരോപിച്ചു. ഇതിനെതിരെ യുഡിഎഫ് സർക്കാർ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ മൂന്ന് വിസിമാർ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തെയും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രൂക്ഷമായി വിമർശിച്ചു.

You may also like