Home Keralaഎസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; ‘ആരോപണം നേരിടുന്നയാൾക്ക് ഇത്ര തിടുക്കം എന്തിന്?’ ഹൈക്കോടതിയുടെ കടുത്ത വിമർശനം

എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; ‘ആരോപണം നേരിടുന്നയാൾക്ക് ഇത്ര തിടുക്കം എന്തിന്?’ ഹൈക്കോടതിയുടെ കടുത്ത വിമർശനം

by news_desk1
0 comments

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്നും, ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്തിനാണെന്നും കോടതി ചോദിച്ചു.

സ്ഥാനക്കയറ്റം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കുമ്പോൾ നിർബന്ധമായ വിജിലൻസ് ക്ലിയറൻസ് നേടണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മുൻ നിർദേശങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തിയും ബെഞ്ച് രേഖപ്പെടുത്തി.

എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.

എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതോടെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റത്തിന് അവസരമൊരുങ്ങിയത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് നിലവിൽ ജയിൽ മേധാവിയായുള്ള ചുമതലയിൽ തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

You may also like