ദില്ലി: യുക്രൈനിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. യുക്രൈനിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും ആവശ്യമായ ഇടപെടൽ നടത്താൻ കോടതി നിർദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളിൽ പരസ്പരവിരുദ്ധതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കാണാതായ നാവികരെ കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നും കോടതി വ്യക്തമാക്കി.
ജൂലൈ 25-നാണ് യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കടലിലേക്ക് ചാടിയ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ റാം ചന്ദ്ര ദുബെ (22), റായ്ബറേലി സ്വദേശിയായ ദീപക് കുമാർ ഗുപ്ത എന്നിവരെയാണ് തുടർന്ന് കാണാതായത്.
കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ നാവികരിൽ രണ്ടുപേരെ യുക്രൈൻ നേവി സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായ രണ്ട് നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

