കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ ട്വന്റി 20 നേതാവ് സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് പൂജ ജോമോൻ രംഗത്ത്. തനിക്കെതിരെ ഭീഷണിയും മാനസിക പീഡനവും ഉണ്ടായതായും ജീവന് ഭീഷണിയുണ്ടെന്നും പൂജ ആരോപിച്ചു.
തന്റെ പേരിലുള്ള സഹകരണ ബാങ്ക് വായ്പ കോൺഗ്രസ് അടച്ചുതീര്ക്കുമെന്ന ട്വന്റി 20യുടെ ആരോപണം പൂജ തള്ളി. പീറ്റർ ജോസഫുമായി നടത്തിയ സംഭാഷണ വീഡിയോയാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം കുടുംബസുഹൃത്താണെന്നും അവർ വ്യക്തമാക്കി.
സാബു എം ജേക്കബ് തന്നെ ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറഞ്ഞതായും പൂജ ആരോപിച്ചു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഉണ്ടെന്നും അവർ പറഞ്ഞു. സാമ്പത്തിക പരിമിതികൾ കാരണം അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പൂജ വ്യക്തമാക്കി.
കോൺഗ്രസ് അംഗീകരിക്കാത്തതിനാലാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞതായും പൂജ വെളിപ്പെടുത്തി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ തിരികെ കോൺഗ്രസിലേക്ക് പോകാമെന്നും സാബു പറഞ്ഞതായി അവര് ആരോപിച്ചു.
പാർട്ടി കാര്യങ്ങളിൽ ആലോചനയില്ലാതെ തീരുമാനങ്ങൾ എടുത്തതായും സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ സമീപനം പുലർത്തിയതായും പൂജ വിമർശിച്ചു. കമ്മിറ്റികൾ വിളിച്ചുകൂട്ടി മാനസികമായി പീഡിപ്പിച്ചതായും മറ്റ് അംഗങ്ങൾക്കും ഭീഷണിയുണ്ടെന്നും അവർ ആരോപിച്ചു.
അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചുവെന്നും എല്ലാവരെയും ഭയപ്പെടുത്തി കൂടെ നിർത്തുന്നതാണ് പാർട്ടിയുടെ പ്രവർത്തന രീതി എന്നും പൂജ ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മെമ്പർ സ്ഥാനവും രാജിവെച്ചതായും അവർ അറിയിച്ചു.
പഞ്ചായത്തിൽ ഇനിയും രാജികൾ ഉണ്ടാകാനിടയുണ്ടെന്നും, രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഉയരാനിടയുണ്ടെന്നും പൂജ മുന്നറിയിപ്പ് നൽകി.

