Home Editorialവോട്ട്; ജനാധിപത്യത്തിന്റെ വജ്രായുധം

വോട്ട്; ജനാധിപത്യത്തിന്റെ വജ്രായുധം

by news_desk1
0 comments

പതിനാറാം കേരള നിയമസഭയിലേക്ക് ഇന്ന് 2.71 കോടി വോട്ടർമാർ വിധിയെഴുതുകയാണ്. 140 നിയോജക മണ്ഡലങ്ങളിലായി 857 സ്ഥാനാർഥികൾ ജനവിധി തേടുന്ന ഈ തെരഞ്ഞെടുപ്പ്, കേരളത്തിന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, ജനാധിപത്യ ബോധത്തിന്റെ നിലവാരവും നിർണ്ണയിക്കുന്ന നിർണായക ഘട്ടമാണ്. രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ തെരഞ്ഞെടുപ്പിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന പ്രചാരണ പോരാട്ടങ്ങൾ അവസാനിച്ച്, ഇന്ന് വോട്ടുപെട്ടികൾക്ക് മുന്നിൽ ജനങ്ങളുടെ ശാന്തമായ തീരുമാനം മാത്രം ബാക്കി. തുടർഭരണത്തിന്റെ തിളക്കത്തിൽ ഭരണപക്ഷവും, തിരിച്ചുവരവിന്റെ പ്രതീക്ഷയിൽ പ്രതിപക്ഷവും, രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കാൻ ബി.ജെ.പിയും-എല്ലാവരും പരമാവധി ശക്തിപ്രയോഗം നടത്തിയ പോരാട്ടത്തിന്റെ അന്തിമ വിധിയാണ് ഇന്ന് രേഖപ്പെടുത്തപ്പെടുത്തുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ശുദ്ധമായ ആശയ പോരാട്ടമായി മാത്രം നിലനിന്നില്ലെന്നതും വസ്തുതയാണ്.

പണവും പാരിതോഷികങ്ങളും കിറ്റുകളും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവങ്ങൾ, കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് അപമാനമായി മാറി. പാലക്കാട് പണമൊഴുക്ക് ആരോപണങ്ങളും തൃശൂരിലെ കിറ്റ് വിവാദങ്ങളും ജനാധിപത്യത്തിന്റെ നാഡിയെ തൊടുന്ന ആശങ്കകളാണ്. ജനാഭിപ്രായത്തെ പണത്തിന് വഴങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നതെന്നത്, വോട്ടറെ മാത്രം അല്ല, ജനാധിപത്യത്തെയും അപഹസിക്കുന്ന പ്രവൃത്തിയാണ്. ജനങ്ങളുടെ ശബ്ദം വാങ്ങാനുള്ള ശ്രമം, ഭരണഘടനയുടെ ആത്മാവിനോടുള്ള വെല്ലുവിളിയുമാണ്. എന്നാൽ കേരളത്തിന്റെ ചരിത്രം അതിനോട് വഴങ്ങാത്തതാണ്. പ്രതിസന്ധികളുടെ കാലത്തും, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഇടയിലും സ്വന്തം പൗരാവകാശം കാത്തുസൂക്ഷിച്ച ജനതയാണ് ഇവിടെ ജീവിക്കുന്നത്. രാഷ്ട്രീയ സാക്ഷരതയുടെ തെളിഞ്ഞ അടയാളമാണ് ഈ നാട്.

അതുകൊണ്ടുതന്നെ, ഇന്ന് വോട്ട് ചെയ്യുമ്പോൾ ഓരോ വോട്ടറും ജാഗ്രതയോടെ ആയിരിക്കണം. ചുണ്ടുവിരലിൽ പതിയുന്ന മഷി ഒരു അടയാളമാത്രമല്ല-അത് ഒരു നിലപാടാണ്. തെറ്റായ തീരുമാനങ്ങൾ തിരുത്താൻ അഞ്ചുവർഷം കാത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ് ഓരോ വോട്ടിനും പിന്നിലുണ്ടാകണം. വോട്ട് ഒരു അവകാശം മാത്രമല്ല-ഒരു ആയുധമാണ്. അനീതിയെ ചെറുക്കാനും ജനപക്ഷ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താനും കഴിയുന്ന വജ്രായുധം. അതിനെ വിറ്റഴിക്കുന്നവനും, ജനാധിപത്യത്തെ ഒറ്റുകൊടുക്കുന്നവനും സമൂഹത്തിന് ഒരുപോലെ ഭീഷണിയാണ്. ഇന്നത്തെ മറ്റൊരു ആശങ്ക-വോട്ടിംഗ് ശതമാനത്തിലെ ഇടിവ്. രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കുന്ന പ്രവണത, ജനാധിപത്യത്തിന് ദീർഘകാലത്തിൽ അപകടകരമാണ്. പ്രായഭേദമന്യേ എല്ലാവരും പോളിംഗ് ബൂത്തിലേക്ക് എത്തണം. പ്രതികരിക്കാനുള്ള അവകാശം ഒരിക്കലും കൈവിടരുത്.
നമ്മുടെ വോട്ട്-നമ്മുടെ ശബ്ദമാണ്. ആ ശബ്ദം ഇന്ന് ഉയരട്ടെ, ഉറച്ചും വ്യക്തവുമായും. ജനവും ജനാധിപത്യവും വിജയിക്കുന്ന പുലരിയാകട്ടെ ഇന്ന്.

You may also like