Home Kerala“ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം”: മമ്മൂട്ടി

“ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം”: മമ്മൂട്ടി

by news_desk1
0 comments

കൊച്ചി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് എത്തി. നടൻ മമ്മൂട്ടി എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

“ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം. അഞ്ച് വർഷത്തിലൊരിക്കൽ കിട്ടുന്ന അവസരമാണിത്,” എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. ചെന്നൈയിൽ നിന്നെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം, നടൻ മോഹൻലാൽ തിരുവനന്തപുരത്തെ 36-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. പോളിങ് കേന്ദ്രത്തിൽ ക്യൂവിൽ നിൽക്കുന്നതിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയോടും യുഡിഎഫ് സ്ഥാനാർത്ഥി കെ. ശബരീനാഥനോടും അദ്ദേഹം സൗഹൃദസംഭാഷണം നടത്തി.

വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവെച്ച് “Done my part. Your turn, Keralam go vote!” എന്ന സന്ദേശവും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സംസ്ഥാനത്ത് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുവരെ തുടരും. മെയ് 4-ന് ഫലപ്രഖ്യാപനവും മെയ് 15-ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയും നടക്കും. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്നേ ദിവസം പോളിങ് ബൂത്തിലേക്ക് എത്തി.

140 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.

You may also like